National
പ്രകാശ് ബാബുവിനെ വീണ്ടും തഴഞ്ഞു; ആനി രാജ സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം
ദേശീയ സെക്രട്ടേറിയേറ്റിലേക്ക് ആനി രാജയെ എടുത്തത് സ്വാഭാവികമായ നടപടിയെന്നാണ് സിപിഐയുടെ വിശദീകരണം
ന്യൂഡല്‍ഹി | ആനി രാജയെ സിപിഐ ദേശീയ സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട് ആനി രാജ. കാനം രാജേന്ദ്രന്റെ ഒഴിവിലാണ് ആനി രാജയെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന ദേശീയ സെക്രട്ടറിയേറ്റിലാണ് തീരുമാനം. മുതിര്‍ന്ന നേതാവ് കെ പ്രകാശ് ബാബുവിനെ വെട്ടിയാണ് ആനി രാജ അംഗമാക്കിയതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. കാനത്തിന് ശേഷം പ്രകാശ് ബാബു ദേശീയ സെക്രട്ടേറിയറ്റിലെത്തുമെന്നായിരുന്നു പ്രതീക്ഷ. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലാണ് പ്രകാശ് ബാബുവിന് എതിരായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേ സമയം, ദേശീയ സെക്രട്ടേറിയേറ്റിലേക്ക് ആനി രാജയെ എടുത്തത് സ്വാഭാവികമായ നടപടിയെന്നാണ് സിപിഐയുടെ വിശദീകരണം. പ്രകാശ് ബാബുവിനെ ഒഴിവാക്കിയതല്ലെന്നും ബിനോയ് വിശ്വം നേരത്തെ ദേശീയ സെക്രട്ടേറിയേറ്റിലേക്ക് എത്തിയത് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് എന്ന നിലയിലാണെന്നുമാണ് നേതൃത്വം പറയുന്നത്. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം മാറിയതോടെ ആ ഒഴിവിലേക്ക് ദേശീയ തലത്തില്‍ നിന്ന് ആനി രാജയെ ഉള്‍പ്പെടുത്തി. സംസ്ഥാന ഘടകം ആരെയും നിര്‍ദേശിച്ചിട്ടില്ലെന്നും വിശദീകരിച്ചു.
അതേസമയം, തന്നെ ആരും ഒഴിവാക്കിയിട്ടില്ലെന്ന് പ്രകാശ് ബാബു പ്രതികരിച്ചു ആനി രാജയ്ക്ക് അര്‍ഹതപ്പെട്ട സ്ഥാനമാണ്. ആനിരാജയെ ദേശീയ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താന്‍ വിജയവാഡയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് തീരുമാനിച്ചിരുന്നു. ഒഴിവ് വന്നപ്പോള്‍ ആനിരാജയെ എടുത്തു.അതിനെ പൂര്‍ണ്ണമായും അനുകൂലിക്കുകയാണ്. ഇക്കാര്യത്തില്‍ സന്തോഷം മാത്രമേയുള്ളു. ഒന്നിനെയും പുറകെ പോകാന്‍ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടി അംഗമാണ് .അതേപോലെ തുടരുമെന്നും പ്രകാശ് ബാബു പറഞ്ഞു.
പ്രകാശ് ബാബുവിനെ മറികടന്നതില്‍ കാനം വിരുദ്ധ പക്ഷത്തില്‍ അസ്വാരസ്യങ്ങളുണ്ട്. രാജ്യസഭാ അംഗത്വം സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായപ്പോള്‍പ്രകാശ് ബാബുവിന്റെ പേരാണ് ഉയര്‍ന്നു വന്നിരുന്നത്. എന്നാല്‍ യോഗത്തില്‍ കാനത്തിന്റെ മനസ്സില്‍ യുവ നേതാവ് പിപി സുനീര്‍ ആയിരുന്നെന്ന വൈകാരിക പരാമര്‍ശവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത് വന്നതോടെയാണ് സുനീറിന് നറുക്ക് വീണത്. ഇതിന് പിറകെയാണ് ദേശീയ സെക്രട്ടറിയേറ്റിലേക്കും പ്രകാശ് ബാബുവിനെ പരിഗണിക്കാതെ വന്നത്.