Connect with us

Kozhikode

പ്രകീർത്തനാരവങ്ങൾക്ക് തുടക്കം; സ്വപ്ന നഗരിയിലേക്കൊഴുകി നബിസ്നേഹികൾ

പ്രവാചകൻ മുഹമ്മദ് നബിയെ കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം.

Published

|

Last Updated

കോഴിക്കോട്| ‘തിരുനബി(സ്വ) ജീവിതം, ദർശനം’ എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്തും മർകസും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളന ചടങ്ങുകൾക്ക് തുടക്കമായി. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് രചിച്ച അർറൗളുൽ മൗറൂദ് ഫീ മൗലിദി സയ്യിദിൽ വുജൂദ് എന്ന മൗലിദ് പാരായണത്തോടെയാണ് വേദിയുണർന്നത്. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി പ്രാരംഭ പ്രാർഥനക്ക് നേതൃത്വം നൽകി. ഖാരിഅ അബ്ദുറഊഫ് സഖാഫി ഖിറാഅത്ത് നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി അബ്ദുൽ മജീദ് കക്കാട് സ്വാഗത പ്രഭാഷണം നടത്തി.

പ്രവാചകൻ മുഹമ്മദ് നബിയെ കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം. യുഎഇ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങളും സാമൂഹിക-സാംസ്കാരിക നായകരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രശസ്ത അറബ് ഗായക സംഘമായ അൽ മാലിദ് ഗ്രൂപ്പിന്റെ നബികീർത്തന സദസ്സും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണവും സമ്മേളനത്തിന്റെ പ്രധാന ആകർഷണമാണ്. നബി ദർശനങ്ങളും അധ്യാപനങ്ങളും കൂടുതൽ പ്രസക്തിയാർജിക്കുന്ന സമകാലികാന്തരീക്ഷത്തിൽ അവ കൂടുതൽ ജനങ്ങളിലേക്കും ഇടങ്ങളിലേക്കും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റ ലക്ഷ്യം.

അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിന്റെ പൊലിമയും വൈവിധ്യവും നിറഞ്ഞുനിൽക്കുന്ന ആസ്വാദന സദസ്സ് 7 മണിക്ക് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കും. തിരുനബി സ്നേഹികൾക്ക് അത്യപൂർവ ആസ്വാദനം സമ്മാനിച്ച് വേദിയിൽ ഫുജൈറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രൂപ്പിന്റെ ഗ്രാൻഡ് മൗലിദ് അരങ്ങേറും. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് അബ്ദുല്ല മഅതൂഖ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം നടത്തും.

 

Latest