National
ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു
സാവന്ത് സത്യപ്രതിജ്ഞ ചെയ്തതോടെ അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങള്‍ക്കും മുഖ്യമന്ത്രിമാരായി.
പനാജി | പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 18 ദിവസത്തിന് ശേഷമാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പുറമെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളായ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഇവരെ കൂടാതെ ബിജെപി ദേശീയ അധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദ, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും എത്തിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 40ല്‍ 20 സീറ്റുകളും നേടിയാണ് ബിജെപി അധികാരത്തില്‍ എത്തിയത്. സ്വതന്ത്ര എംഎല്‍എമാരുടെയും എംജിപിയുടെയും പിന്തുണ പാര്‍ട്ടിക്ക് ലഭിച്ചതോടെ ഭരണം ഉറപ്പായി.
സാവന്ത് സത്യപ്രതിജ്ഞ ചെയ്തതോടെ അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങള്‍ക്കും മുഖ്യമന്ത്രിമാരായി. ഗോവ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ബിജെപി വിജയിച്ചു. അതേസമയം, പഞ്ചാബില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കി ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചു. ഭഗവന്ത് മാനാണ് പഞ്ചാബ് മുഖ്യമന്ത്രി.