Connect with us

minister k radhakrishnan

ആത്മഹത്യ ചെയ്ത പ്രസാദിന്റെ വീട്ടിലേക്ക് ജപ്തിനോട്ടീസ്; മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ടു

നോട്ടിസ് അയച്ചതില്‍ കോര്‍പറേഷന്‍ എംഡിയോട് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു.

Published

|

Last Updated

തകഴി | ആലപ്പുഴയില്‍ ആത്മഹത്യ ചെയ്ത നെല്‍കര്‍ഷകന്റെ വീട്ടിലേക്ക് ജപ്തി നോട്ടിസ് അയച്ച സംഭവത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ടുൂ. എസ് സി-എസ് ടി കോര്‍പറേഷന്‍ വായ്പയില്‍ പരമാവധി ഇളവുകള്‍ നല്‍കി തീര്‍പ്പാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

തകഴി കുന്നുമ്മയിലെ കര്‍ഷകന്‍ കെ ജി പ്രസാദിന്റെ കുടുംബത്തിനാണ് കോര്‍പറേഷന്‍ നോട്ടിസ് അയച്ചത്. കുടുംബത്തിന്റെ സാഹചര്യങ്ങള്‍ മനസിലാക്കാതെ ഉദ്യോഗസ്ഥര്‍ നോട്ടിസ് അയച്ചതില്‍ കോര്‍പറേഷന്‍ എംഡിയോട് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. കുടിശ്ശികയായ പതിനേഴായിരത്തി അറുനൂറ് രൂപ അഞ്ച് ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്നാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിന്റെ അറിയിപ്പ്.

പാട്ടത്തിനെടുത്ത സ്ഥലത്തെ മൂന്നര ഏക്കര്‍ നെല്ലിനു വളമിടാന്‍ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെത്തുടര്‍ന്ന് 2023 നവംബര്‍ 11നാണ് കുന്നുമ്മ കാട്ടില്‍ പറമ്പില്‍ പ്രസാദ് ജീവന്‍ ഒടുക്കിയത്. പ്രസാദിന്റെ മരണത്തിലേക്കു നയിച്ച കാരണം ഉള്‍പ്പെടെ കുടുംബത്തിന്റെ മുഴുവന്‍ ബാധ്യതയും കൃഷിയില്‍ നിന്നുണ്ടായതാണ്. പ്രസാദ് മരിച്ചതോടെ കുടുംബം തീര്‍ത്തും അനാഥമായി.

ചില ബന്ധുക്കളുടെ സഹായത്താല്‍ ആണ് കുടുംബം കഴിയുന്നത്. ഭാര്യ ഓമനയും വിദ്യാര്‍ത്ഥിയായ മകന്‍ അധിനിക്കും മകള്‍ അധീനയും മാത്രമാണു വീട്ടിലുള്ളത്. 2022 ഓഗസ്റ്റ് 27നാണ് 60,000 രൂപ ഓമന സ്വയംതൊഴില്‍ വായ്പയായി എടുത്തത്. 11 മാസമായി തിരിച്ചടവ് മുടങ്ങി. ഇതിനാണു ജപ്തി നടപടി.