Kerala
ഫ്‌ളാസ്‌കില്‍ ആസിഡ് നിറച്ചാണ് പ്രശാന്ത് വന്നത്; ആക്രമണം ഉണ്ടാവുന്നതിനു മുമ്പ് പല തവണ പോലീസില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്ന് കുടുംബം
ആക്രമണം നടത്തിയശേഷം മേപ്പയ്യൂര്‍ സ്റ്റേഷനില്‍ കീഴടങ്ങിയ പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കോഴിക്കോട്|ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബാലുശേരി സ്വദേശി പ്രബിഷയ്ക്കാണ് ആസിഡ് ആക്രമണം ഉണ്ടായത്. യുവതിയുടെ മുഖത്തും പുറത്തും പൊള്ളലേറ്റു. പ്രബിഷയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. യുവതി നിലവില്‍ ബേണ്‍ ഐസിയുവിലാണ്.
യുവതിയ്ക്ക് ആസിഡ് ആക്രമണം ഉണ്ടാവുന്നതിന് മുമ്പ് നിരവധി തവണ പോലീസില്‍ പരാതി നല്‍കിയെന്നും പരാതി പറഞ്ഞ് മടുത്തെന്നും ഇരയായ യുവതിയുടെ കുടുംബം പറഞ്ഞു. ഫ്‌ലാസ്‌കില്‍ ആസിഡ് നിറച്ചാണ് ഇന്നലെ മുന്‍ ഭര്‍ത്താവ് പ്രശാന്ത് എത്തിയതെന്നും മാതാവ് വ്യക്തമാക്കി. സംസാരിക്കുന്നതിനിടെ ആസിഡ് മുഖത്ത് ഒഴിക്കുകയായിരുന്നു. യുവതിയുടെ മുന്‍ ഭര്‍ത്താവ് പ്രശാന്ത് കഴിഞ്ഞ ആഴ്ച വീട്ടിലെത്തി വീട്ടില്‍ നടക്കുന്ന സംഭാഷണങ്ങള്‍ ഒളിഞ്ഞുനിന്ന് കേട്ടുവെന്നും വീടിന്റെ എയര്‍ഹോളിലൂടെ മകളുടെ ഫോട്ടോ എടുത്തെന്നും മാതാവ് പറയുന്നു.
സംഭവത്തില്‍ പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് പ്രശാന്തിനെ പോലീസ് പിടികൂടി. ലഹരിക്ക് അടിമയായ പ്രശാന്തിന്റെ നിരന്തരമായ മര്‍ദ്ദനത്തെ തുടര്‍ന്നുള്ള പരിക്കിനെ തുടര്‍ന്നാണ് പ്രബിഷ ആയുര്‍വേദ ചികിത്സക്ക് എത്തിയത്. മര്‍ദ്ദനമേറ്റ് ഒരു കണ്ണിന്റെ കൃഷ്ണമണി നേരത്തെ തകര്‍ന്നിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് രണ്ടുവര്‍ഷം മുമ്പ് പ്രബിഷ വിവാഹമോചനം നേടിയത്.
അതിനു ശേഷവും പ്രബിഷയെ കൊല്ലുമെന്ന ഭീഷണിയുമായി ഇയാള്‍ നിരന്തരം ശല്ല്യം ചെയ്യുമായിരുന്നു. വിഷയത്തില്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ പലപ്രാവശ്യം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഓരോ തവണ പരാതി നല്‍കുമ്പോഴും പോലീസ് ഇയാളെ വിളിച്ചു വരുത്തി വിട്ടയക്കും. ഇതോടെ പരാതി നല്‍കുന്നത് നിര്‍ത്തിയതായി പ്രബിഷയുടെ മാതാവ് പറഞ്ഞു.ആക്രമണം നടത്തിയശേഷം മേപ്പയ്യൂര്‍ സ്റ്റേഷനില്‍ കീഴടങ്ങിയ പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.