Editorial
പ്രതിഷ്ഠാ ദിനവും ബാബരിയുടെ ജ്വലിക്കുന്ന സ്മരണകളും
ശ്രീരാമ ക്ഷേത്രമല്ല, വര്‍ഗീയ രാഷ്ട്രീയം അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് കെട്ടിപ്പൊക്കിയ അപനിര്‍മിതിയാണ് അയോധ്യയില്‍ ഉയര്‍ന്ന മന്ദിരം. വര്‍ഗീയ രാഷ്ട്രീയത്തിന്റെ ആ മന്ദിരത്തിലാണ് ഇന്നത്തെ പ്രതിഷ്ഠ. നീതിബോധത്തിലും ധര്‍മത്തിലും അധിഷ്ഠിതമായ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ തകര്‍ച്ച കൂടി അടയാളപ്പെടുത്തുന്നു ഈ പുതിയ മന്ദിരവും പ്രതിഷ്ഠാ ചടങ്ങും.
നീതിയും ന്യായവും നടപ്പാക്കുകയും സത്യത്തോട് പ്രതിബദ്ധത പുലര്‍ത്തുകയും ചെയ്യുന്നവരെന്നാണ് ഏത് മതത്തിലും ദൈവങ്ങളെക്കുറിച്ചുള്ള സങ്കല്‍പ്പം. വേദഗ്രന്ഥങ്ങള്‍ ഉദ്ഘോഷിക്കുന്നതും സത്യവും ധര്‍മവുമാണ്. എങ്കില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി പൊളിച്ച് പണിത ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനോട് ശ്രീരാമനടക്കമുള്ള ഹിന്ദു ദൈവങ്ങളുടെ സമീപനമെന്തായിരിക്കും? ഇന്ന് അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുകയാണ്; 1992ല്‍ കര്‍സേവകര്‍ ഭരണഘടനയെയും ഭരണകൂടത്തെയും വെല്ലുവിളിച്ച് മതേതര ഇന്ത്യയുടെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് പണിത ക്ഷേത്രത്തില്‍.
ഒരു കൊടും ചതിയുടെ കഥയാണ് 464 കൊല്ലത്തെ പഴക്കമുള്ള ബാബരി മസ്ജിദിന്റെ തകര്‍ച്ചയും രാമക്ഷേത്ര നിര്‍മാണവും. മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ കാലത്ത് മീര്‍ബാഖി പണികഴിപ്പിച്ച ഈ പള്ളിയെക്കുറിച്ച് 16,17,18 നൂറ്റാണ്ടുകളില്‍ ഒരു തര്‍ക്കവും ഒരു ഭാഗത്ത് നിന്നും ഉയര്‍ന്നിരുന്നില്ല. 1855ലാണ് അയോധ്യയില്‍ ആദ്യമായി ആരാധനാലയ സംബന്ധമായ തര്‍ക്കം ഉയരുന്നത്. അത് പക്ഷേ, രാമക്ഷേത്രവുമായി ബന്ധപ്പെട്ടായിരുന്നില്ല. അയോധ്യയിലെ വൈഷ്ണ വിഭാഗത്തിന്റെ ആരാധനാ കേന്ദ്രമായ ഹനുമാന്‍ ഗഡ് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചായിരുന്നു തര്‍ക്കം. എന്നാല്‍ തര്‍ക്കത്തില്‍ ഇടപെട്ട നവാബ് വാജിദ് അലി ഷാ ക്ഷേത്രത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അതോടെ ആ പ്രശ്നം അവസാനിച്ചു. അതിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കാനോ ചോര ഒഴുക്കാനോ പ്രദേശത്തെ മുസ്ലിംകള്‍ മുതിര്‍ന്നില്ല.
അതുകഴിഞ്ഞ് രണ്ട് വര്‍ഷത്തിനു ശേഷം ഹനുമാന്‍ ഗഡ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനും അനുയായികളും ചേര്‍ന്ന് ബാബരി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്തിന്റെ തെക്ക് ഭാഗം കൈയേറി ഒരു തറ (ചബുത്ര) കെട്ടിയുണ്ടാക്കി അവിടെയാണ് ശ്രീരാമന്‍ ജനിച്ചതെന്ന അവകാശവാദമുന്നയിച്ചു. പിന്നീട് ദശാബ്ദങ്ങള്‍ കഴിഞ്ഞ് ചബുത്രക്കു മേല്‍ ക്ഷേത്രം പണിയാന്‍ അനുവദിക്കണമെന്നും ആ ഭാഗത്തെ ഭൂമിക്ക് നിയമപരമായ അവകാശം നല്‍കണമെന്നും ആവശ്യപ്പെട്ട് ക്ഷേത്ര പൂജാരി രഘുബീര്‍ ദാസ് കോടതിയെ സമീപിച്ചു. ബാഹ്യ ഇടപെടലുകള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാത്ത അന്നത്തെ ബ്രിട്ടീഷ് കോടതി രണ്ട് ആവശ്യങ്ങളും നിരാകരിക്കുകയും ഹരജി തള്ളുകയുമായിരുന്നു. ഈ കേസിന്റെ വാദത്തില്‍ മഹന്ത് രഘുബീര്‍ ദാസ,് ചബുത്ര രാമന്റെ ജന്മസ്ഥലമാണെന്ന് അവകാശപ്പെട്ടതല്ലാതെ ക്ഷേത്രം പൊളിച്ചാണ് ബാബരി മസ്ജിദ് പണിതതെന്ന വാദമുന്നയിച്ചിരുന്നില്ലന്നത് ശ്രദ്ധേയമാണ്. പുരാവസ്തു ഗവേഷകരായ ജയമേനോനും സുപ്രിയ വര്‍മയും ചേര്‍ന്ന് ഇക്കണോമിക് ആന്‍ഡ് പോളിറ്റിക് വീക്ലിയില്‍ (2010 ഡിസംബര്‍ 11) എഴുതിയ ലേഖനത്തില്‍ ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗോരക്നാഥ് മഠാധിപതിയും സവര്‍ക്കറുടെ ശിഷ്യനും കടുത്ത ഗാന്ധി വിമര്‍ശകനുമായിരുന്ന ദ്വിഗ് വിജയ്നാഥും ഒരു സംഘം ഹിന്ദുത്വ ക്രിമിനലുകളും ചേര്‍ന്ന് 1949 ഡിസംബര്‍ 22ന് അര്‍ധരാത്രി പള്ളി കുത്തിത്തുറന്ന് രാമന്റെയും സീതയുടെയും പ്രതിമകള്‍ അകത്ത് സ്ഥാപിക്കുകയും അടുത്ത ദിവസം പള്ളിക്കകത്ത് പ്രതിമകള്‍ സ്വയംഭൂവായെന്ന് അവകാശപ്പെട്ട് രംഗത്തു വരികയും ചെയ്തതോടെയാണ് പ്രശ്നത്തിന്റെ അടുത്ത ഘട്ടം. വിവരമറിഞ്ഞ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആ പ്രതിമകള്‍ എടുത്ത് സരയൂ നദിയില്‍ ഒഴുക്കാനാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഹിന്ദുത്വ ഫാസിസത്തിന്റെ കടുത്ത വക്താവും മലയാളിയുമായ ജില്ലാ മജിസ്ട്രേറ്റ് കെ കെ നായര്‍ ബാബരി മസ്ജിദിനെ തര്‍ക്ക ഭൂമിയായി പ്രഖ്യാപിച്ച് പള്ളിയുടെ മുഖ്യ കവാടം പൂട്ടി മുസ്ലിംകള്‍ക്ക് പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തുകയും അതേസമയം, മറ്റൊരു വശത്തെ വാതില്‍ തുറന്നുകൊടുത്ത് ഹിന്ദുക്കള്‍ക്ക് അതുവഴി പള്ളിയില്‍ പ്രവേശിക്കാനും ആരാധനക്കും അനുമതി നല്‍കുകയും ചെയ്തു. പിന്നീട് ബി ജെ പിയുടെ ആദ്യ പതിപ്പായ ജനസംഘത്തിന്റെ നേതാവും എം പിയുമായി മാറി കെ കെ നായര്‍. ഇങ്ങനെ ഹിന്ദുത്വ ഫാസിസവും അവരെ തുണക്കുന്ന ഭരണസാരഥികളും ചേര്‍ന്നു തയ്യാറാക്കിയ വ്യാജ കഥകളും ഗൂഢാലോചനകളും നിറഞ്ഞതാണ് അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ ചരിത്രമുടനീളം.
മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി തങ്ങള്‍ക്കനുകൂലമായി വിധിച്ചിട്ടുണ്ടെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെയും ഹിന്ദുത്വരുടെയും വാദം. എന്നാല്‍ 1992ല്‍ ഗൂഢാലോചനയിലൂടെയാണ് പള്ളി പൊളിച്ചതെന്നും അതീവ നിന്ദ്യമായ നിയമലംഘനമാണിതെന്നും അഭിപ്രായപ്പെട്ട അതേ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചാണ് പള്ളി തകര്‍ത്തവര്‍ക്കും ശ്രീരാമ വിഗ്രഹം പള്ളിയിലേക്ക് ഒളിച്ചുകടത്തിയവര്‍ക്കും പള്ളിയുടെ ഉടമസ്ഥാവകാശം വിട്ടുകൊടുത്തതെന്ന വിരോധാഭാസം കാണാതെ പോകരുത്. ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയില്‍ കണ്ടെത്തിയിട്ടില്ലെന്ന് വിധിന്യായത്തില്‍ പറയുന്നുണ്ടെന്നതും ശ്രദ്ധേയം. നീതിന്യായത്തിന്റെ ഏത് അളവുകോല്‍ വെച്ചാണ് ഈ വിധിപ്രസ്താവത്തെ അളക്കേണ്ടത്. നീതിന്യായ കോടതി എന്ന വിശേഷണവും ഈ വിധിപ്രസ്താവവും തമ്മില്‍ എങ്ങനെ ഒത്തുപോകും?
അയോധ്യാ ഭൂമി തര്‍ക്ക കേസില്‍ വിധി പ്രസ്താവം നടത്തിയ അഞ്ച് ജഡ്ജിമാരെയും ഇന്നത്തെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നതും, അവരില്‍ മൂന്ന് പേര്‍ക്ക്-ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍- വിരമിച്ച് ഏറെ താമസിയാതെ സര്‍ക്കാര്‍ ഔദ്യോഗിക പദവികള്‍ നല്‍കിയെന്നതും വിധിപ്രസ്താവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് സൂചന നല്‍കുന്നില്ലേ? ശ്രീരാമ ക്ഷേത്രമല്ല, വര്‍ഗീയ രാഷ്ട്രീയം അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് കെട്ടിപ്പൊക്കിയ അപനിര്‍മിതിയാണ് അയോധ്യയില്‍ ഉയര്‍ന്ന മന്ദിരം. വര്‍ഗീയ രാഷ്ട്രീയത്തിന്റെ ആ മന്ദിരത്തിലാണ് ഇന്നത്തെ ശിലാപ്രതിഷ്ഠ. നീതിബോധത്തിലും ധര്‍മത്തിലും അധിഷ്ഠിതമായ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ തകര്‍ച്ച കൂടി അടയാളപ്പെടുത്തുന്നു ഈ പുതിയ മന്ദിരവും പ്രതിഷ്ഠാ ചടങ്ങും. രാജ്യത്തിന്റെ അഭിമാന സ്തംഭമായിരുന്ന ബാബരിയുടെ തിളങ്ങുന്ന ഓര്‍മകളാണ്, മനസ്സാക്ഷി മരവിക്കാത്ത, നീതിബോധം തെല്ലെങ്കിലും അവശേഷിക്കുന്ന മനസ്സുകളില്‍ ഈ പ്രതിഷ്ഠാ ദിനത്തില്‍ ജ്വലിച്ചു നില്‍ക്കുന്നത്.