International
പ്രവാസി ഭാരതീയ ദിവസ് സാധാരണക്കാരായ പ്രവാസികള്‍ക്ക് കൂടി പ്രാപ്യമാവണം: ഐ സി എഫ്
ഇന്ത്യയെ പ്രവാസികള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കാന്‍ സമയം കാണുന്നതിനൊപ്പം അവര്‍ നേരിടുന്ന വിഷയങ്ങള്‍ കൂടി പരിഗണിക്കപ്പെടണം.
ഇന്‍ഡോര്‍ | മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന പ്രവാസികളുടെ ശബ്ദമായും മാറണമെന്ന് ഐ സി എഫ് പ്രതിനിധിയായി സംബന്ധിച്ച ശരീഫ് കാരശ്ശേരി ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്റെ ഭാഗമായി നടന്ന പ്ലീനറി സെഷനില്‍ ഇടപെട്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ അംബാസഡര്‍മാരായി അവരെ വിശേഷിപ്പിക്കുന്നത് അടിസ്ഥാന പ്രവാസി വിഭാഗം നേരിടുന്ന വിവിധ വിഷയങ്ങളില്‍ മതിയായ പരിഗണന നല്‍കിക്കൊണ്ടു കൂടിയാവണമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ ഇന്ത്യക്കാരുമായി ഇടപഴകുന്നതിനും ബന്ധപ്പെടുന്നതിനും പ്രവാസികളെ പരസ്പരം ഇടപഴകാന്‍ പ്രാപ്തരാക്കുന്ന പ്രവാസി ഭാരതീയ ദിവസ് പോലുള്ള സംഗമങ്ങള്‍ അനിവാര്യമുള്ളവയാണെന്ന് ഐ സി എഫ് വ്യക്തമാക്കി. അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ രാജ്യം നടത്തുന്ന പദ്ധതികള്‍ നല്ലതാണ്. ഇന്ത്യയെ പ്രവാസികള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കാന്‍ സമയം കാണുന്നതിനൊപ്പം അവര്‍ നേരിടുന്ന വിഷയങ്ങള്‍ കൂടി പരിഗണിക്കപ്പെടണം.
പ്രവാസി ക്ഷേമ, നൈപുണ്യ വികസന, ആശ്വാസ പദ്ധതികള്‍ അവതരിപ്പിക്കുകയും അതിലൂടെ പ്രവാസികളെ ശാക്തീകരിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് അനുദിനം വൈവിധ്യവത്കരിക്കപ്പെടുന്ന ആഗോള തൊഴില്‍ മാര്‍ക്കറ്റില്‍ ഇന്ത്യക്കാര്‍ക്ക് ഇടം ലഭിക്കുക. തിരിച്ചെത്തുന്നവര്‍ക്ക് പുനരധിവാസം, പെന്‍ഷന്‍ അടക്കമുള്ള അടിസ്ഥാന കാര്യങ്ങളും നിര്‍വഹിക്കപ്പെടണം. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രത്യേക സെഷനുകള്‍ പി ബി ഡിയില്‍ ഒരുക്കേണ്ടതുണ്ടെന്ന് ഐ സി എഫ് ആവശ്യപ്പെട്ടു.
പ്രവാസി ഭാരതീയ ദിവസില്‍ നടന്ന വിവിധ കൂടിക്കാഴ്ചകളിലും അനുബന്ധ മീറ്റിംഗുകളിലും ഐ സി എഫിനെ പ്രതിനിധീകരിച്ച് ശരീഫ് കാരശ്ശേരി സംബന്ധിച്ചു. പ്രവാസികളുടെ സാംസ്‌കാരിക വൈജ്ഞാനിക നില മെച്ചപ്പെടുത്താനും അവരെ ശാക്തീകരിക്കാനും ഐ സി എഫ് മുന്നോട്ടു വെക്കുന്ന പദ്ധതികള്‍ കണ്‍വെന്‍ഷനിലെത്തിയ പ്രമുഖരുടെയും പ്രതിനിധികളുടെയും ശ്രദ്ധ നേടിയെന്ന് ശരീഫ് പറഞ്ഞു.