Connect with us

Organisation

പ്രവാസി സാഹിത്യോത്സവ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സെപ്തംബര്‍ 11 മുതല്‍ നവംബര്‍ എട്ട് വരെയാണ് സാഹിത്യോത്സവ് കാലം. എട്ട് വിഭാഗങ്ങളിലായി 99 കലാ സാഹിത്യ വൈജ്ഞാനിക ഇനങ്ങളില്‍ 3000ത്തോളം പ്രതിഭകളാണ് സാഹിത്യോത്സവിന്റെ ഭാഗമാകുന്നത്.

Published

|

Last Updated

ജിദ്ദ  | സമൂഹത്തിലെ വ്യത്യസ്ത പ്രതിഭകളെ കണ്ടെത്തി അവസരവും പരിശീലനവും നല്‍കി സമൂഹത്തോട് പ്രതിബദ്ധതയുള്ള ഉയര്‍ന്ന കലാ-സാംസ്‌കാരിക ബോധമുള്ള യുവതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തില്‍ കലാലയം സാംസ്‌കാരിക വേദിയുടെ പതിനാലാമത് പ്രവാസി സാഹിത്യോത്സവിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സെപ്തംബര്‍ 11 മുതല്‍ നവംബര്‍ എട്ട് വരെയാണ് സാഹിത്യോത്സവ് കാലം. എട്ട് വിഭാഗങ്ങളിലായി 99 കലാ സാഹിത്യ വൈജ്ഞാനിക ഇനങ്ങളില്‍ 3000ത്തോളം പ്രതിഭകളാണ് സാഹിത്യോത്സവിന്റെ ഭാഗമാകുന്നത്.

അസീര്‍, ജിദ്ദ സിറ്റി, യാമ്പു, മദീന, തായിഫ്, മക്ക, തബൂക്, ജിസാന്‍, ജിദ്ദ നോര്‍ത്ത്, അല്‍ബഹ എന്നീ പത്ത് സോണുകളില്‍ നിന്നുള്ള പ്രതിഭകള്‍ പ്രാദേശിക യൂനിറ്റ് തലം മുതല്‍ സെക്ടര്‍, സോണ്‍ ഘട്ടങ്ങളിലായി മത്സരിച്ച് ഒന്നാം സ്ഥാനത്തെത്തിയവര്‍ നവംബര്‍ എട്ടിന് ജിസാനില്‍ നാഷനല്‍ സാഹിത്യോത്സവില്‍ മാറ്റുരയ്ക്കും.

മാപ്പിളപ്പാട്ട്, വിവിധ ഭാഷാ പ്രസംഗങ്ങള്‍, കഥ, കവിത, പ്രബന്ധ രചനാ മത്സരങ്ങള്‍, സോഷ്യല്‍ ട്വീറ്റ്, ബുക്ക് റിവ്യൂ, ക്വിസ്, ഭാഷാ കേളി, സ്‌പെല്ലിങ് ബീ, ദഫ് മുട്ട്, ഖവ്വാലി തുടങ്ങിയ മത്സരങ്ങളാണ് സാഹിത്യോത്സവില്‍ നടക്കുന്നത്. സീനിയര്‍ വിഭാഗത്തിന് നഷീദയും കാമ്പസ്-ജനറല്‍ വിഭാഗത്തിന് കൊളാഷ് മത്സരവുമാണ് പുതിയ ഇനങ്ങള്‍.

സാഹിത്യോത്സവ് സംഘാടകരുടെ പരിശീലന വേദിയായ സര്‍ഗശാലയും പഴയകാല പ്രതിഭകളുടെ ഒത്തുകൂടലായി സര്‍ഗമേളയും സഊദി വെസ്റ്റിലെ 10 സോണുകളിലും അനുബന്ധമായി പൂര്‍ത്തീകരിക്കും. പ്രവാസി കുടുംബങ്ങളില്‍ നടക്കുന്ന ഫാമിലി സാഹിത്യോത്സവ് ആണ് ആദ്യ ഘട്ടം. ബഡ്‌സ്, കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, കാമ്പസ് എന്നീ എട്ട് വിഭാഗങ്ങളിലായാണ് മത്സരം. മൂന്നു മുതല്‍ 30 വയസ്സ് വരെയുള്ള വിദ്യാര്‍ഥി, വിദ്യാര്‍ഥിനി, യുവതി, യുവാക്കള്‍ക്കാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 053 685 4646, 053 706 9486 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

 

Latest