Organisation
പ്രവാസി സാഹിത്യോത്സവ്-2023 പോസ്റ്റര്‍ പ്രകാശനം
നവംബര്‍ മൂന്നിന് മദീനയില്‍ നടക്കുന്ന സഊദി വെസ്റ്റ് നാഷണല്‍ സാഹിത്യോത്സവ് പോസ്റ്റര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് പ്രകാശനം ചെയ്തു.
ജിദ്ദ | രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ആഗോള തലത്തില്‍ പ്രവാസി വിദ്യാര്‍ഥി, യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന പതിമൂന്നാമത് പ്രവാസി ദേശീയ സാഹിത്യോത്സവിന്റെ ഭാഗമായി നവംബര്‍ മൂന്നിന് മദീനയില്‍ നടക്കുന്ന സഊദി വെസ്റ്റ് നാഷണല്‍ സാഹിത്യോത്സവ് പോസ്റ്റര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് പ്രകാശനം ചെയ്തു. എസ് എസ് എഫ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം റാഷിദ് ബുഖാരി, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഐ സി എഫ് മദീന സെന്‍ട്രല്‍ നേതാക്കളായ അബൂബക്കര്‍ ഹാജി, റഷീദ് ഉസ്താദ്, നിസാമുദ്ദീന്‍, ശഫീഖ് ലതീഫി, സല്‍മാന്‍, ശരീഫ് സഖാഫി, മുഹമ്മദലി അമാനി, ഹുസ്സൈന്‍ എടരിക്കോട്, സിയാദ്, ആര്‍ എസ് സി നേതാക്കളായ മജീദ് അശ്‌റഫി, ഉസ്മാന്‍, അബ്ബാസ്, ജുബൈര്‍ സംബന്ധിച്ചു.
കലാ സാഹിത്യ മത്സരങ്ങളോട് അനുഭാവമുള്ളവരെ കണ്ടെത്തി, പ്രോത്സാഹനം നല്‍കി സമൂഹത്തോട് പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് ആര്‍ എസ് സി സഊദി വെസ്റ്റ് പ്രവാസി സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. 200ല്‍ പരം യൂണിറ്റ് സാഹിത്യോത്സവുകള്‍ക്കും 24 സെക്ടര്‍ സാഹിത്യോത്സവുകള്‍ക്കും ശേഷം, ജിദ്ദ നോര്‍ത്ത്, മക്ക, ജിദ്ദ സിറ്റി, മദീന, തായിഫ്, അസീര്‍, ജിസാന്‍, അല്‍ ബഹ, യാമ്പു, തബൂക്ക് എന്നീ പത്ത് സോണ്‍ മത്സരങ്ങളിലെ ഒന്നാം സ്ഥാനം നേടിയവരാണ് ദേശീയ സാഹിത്യോത്സവില്‍ മത്സരിക്കുക.
ബഡ്‌സ്, കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍ ജനറല്‍, കാമ്പസ് വിഭാഗങ്ങളില്‍ 98 ഇനങ്ങളിലായി അഞ്ഞൂറിലധികം മത്സരാര്‍ഥികള്‍ നാഷണല്‍ സാഹിത്യോത്സവില്‍ മാറ്റുരയ്ക്കും. വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍, പ്രസംഗങ്ങള്‍, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിന്‍ ഡിസൈന്‍, കവിത, കഥ, പ്രബന്ധം തുടങ്ങി നിരവധി സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങള്‍ സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ചിട്ടുണ്ട്.
സ്‌പെല്ലിംഗ് ബീ, ട്രാന്‍സ്ലേഷന്‍, തീം സോങ് രചന, ഫീച്ചര്‍ രചന, ഖസീദ, കോറല്‍ റീഡിംഗ് എന്നിവ ഇത്തവണത്തെ സാഹിത്യോത്സവിന് പുതിയ മത്സര ഇനമായി വരുന്നുണ്ട്. 30 വയസ് വരെയുള്ളവര്‍ക്കാണ് മത്സരിക്കാന്‍ അവസരം.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും http://www.kalalayam.rsconline.org/Register.aspx എന്ന ലിങ്ക് ഉപയോഗപ്പെടുത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക്:+966 53 026 7348, +966 55 938 4963 എന്നീ നമ്പറില്‍ ബന്ധപ്പെടാം.