Connect with us

Malappuram

റമസാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനം; കാല്‍നാട്ടല്‍ കര്‍മം നടത്തി

കാല്‍നാട്ടല്‍ കര്‍മം സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, പി സൈതലവി ചെങ്ങര എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

Published

|

Last Updated

മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന റമസാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനത്തിന്റെ പതാക കാല്‍നാട്ടല്‍ കര്‍മം സമസ്ത സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജിയും ചേര്‍ന്ന് നിര്‍വഹിക്കുന്നു.

മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമസാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ പതാക കാല്‍നാട്ടല്‍ കര്‍മം മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ബനിയാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി സൈതലവി ചെങ്ങര എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പരിപാടിയില്‍ സയ്യിദ് നൂറുല്‍ അമീന്‍ ലക്ഷദ്വീപ്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, എം ദുല്‍ഫുഖാറലി സഖാഫി, യൂസുഫ് സഖാഫി സ്വലാത്ത് നഗര്‍, നൗഫല്‍ കോഡൂര്‍, സൈതലവിക്കോയ കൊണ്ടോട്ടി, സി കെ ഹൈദ്രസുട്ടി ഹാജി, ഉസ്മാന്‍ കക്കോവ് സംബന്ധിച്ചു.

പ്രാര്‍ഥനാ സമ്മേളനത്തിന് എത്തിച്ചേരുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് മഅ്ദിന്‍ കാമ്പസില്‍ പുരോഗമിക്കുന്നത്. പ്രധാന വേദിക്ക് പുറമെ വിവിധ ഗ്രൗണ്ടുകള്‍, പരിസരത്തെ ഓഡിറ്റോറിയങ്ങള്‍ എന്നിവയും സജ്ജീകരിക്കുന്നുണ്ട്.

റമസാനിലെ അവസാന പത്തില്‍ മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടക്കുന്ന പ്രത്യേക ഇഅ്തികാഫ് ജല്‍സക്ക് തുടക്കമായി. ഖത്മുല്‍ ഖുര്‍ആന്‍, എല്ലാ ദിവസവും രാത്രി 10 ന് സ്വലാത്തുല്‍ ഹുളൂര്‍ മജ്‌ലിസ്, കര്‍മശാസ്ത്ര-ചരിത്ര ക്ലാസുകള്‍, ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ പഠിപ്പിക്കുന്നതിന് തജ്‌വീദ് ക്ലാസ് എന്നിവയും ആരംഭിച്ചു. ഇഅ്തികാഫിനെത്തിയ നൂറുകണക്കിന് പേര്‍ക്ക് നോമ്പുതുറ, അത്താഴ, മുത്താഴ സൗകര്യങ്ങളും വിശ്രമിക്കാന്‍ പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

24ന് തിങ്കളാഴ്ച വൈകിട്ട് നാലിന് പ്രാര്‍ഥനാ സമ്മേളനത്തിന്റെ പതാക ഉയര്‍ത്തല്‍ സമസ്ത ഉപാധ്യക്ഷനും സ്വാഗത സംഘം ചെയര്‍മാനുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിക്കും. മാര്‍ച്ച് 25 ന് ചൊവ്വാഴ്ച പ്രാര്‍ഥനാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള പരിപാടികള്‍ ആരംഭിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കുന്ന രചനാ ശില്‍പശാല ‘വര്‍ഷതുത്തഅലീഫ്’ നടക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച വൈകിട്ട് നാലിന് സ്വലാത്ത് നഗര്‍ മഹല്ല് ഖാസിയായിരുന്ന സി കെ ഉസ്താദ് ഉറൂസ് മുബാറക് നടക്കും.

ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ച രാവും സംഗമിക്കുന്ന മാര്‍ച്ച് 27ന് വൈകിട്ട് മൂന്ന് മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ പ്രാര്‍ഥനാ സമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ നടക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

 

 

Latest