Connect with us

Malappuram

റമസാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനം നാളെ; വിശ്വാസി സാഗരം സ്വലാത്ത് നഗറിലേക്ക്

പ്രാര്‍ഥനാ സമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.

Published

|

Last Updated

റമസാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അറബിക് ഗ്രന്ഥരചനാ ശില്‍പശാല സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം | ലൈലതുല്‍ ഖദര്‍ പ്രതീക്ഷിക്കപ്പെടുന്ന നാളെ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിലേക്ക് സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി വിശ്വാസികള്‍ ഒഴുകും. പ്രാര്‍ഥനാ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഇന്നലെത്തന്നെ മഅ്ദിന്‍ കാമ്പസില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

പ്രാര്‍ഥനാ സമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു. പ്രധാന വേദിക്ക് പുറമെ വിവിധ ഗ്രൗണ്ടുകളിലും പരിസരത്തെ ഓഡിറ്റോറിയങ്ങളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. നോമ്പ്തുറ-അത്താഴ-മുത്താഴ സൗകര്യവുമുണ്ടാകും. സ്ത്രീകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളുണ്ട്.

രാവിലെ 10ന് ഖത്മുല്‍ ഖുര്‍ആന്‍, ഉച്ചയ്ക്ക് ഒന്നിന് അസ്മാഉല്‍ ബദര്‍ മജ്‌ലിസ്, വൈകിട്ട് നാലിന് അസ്മാഉല്‍ ഹുസ്‌നാ റാതീബ് എന്നിവ നടക്കും. ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന മെഗാ ഇഫ്ത്വാര്‍ സംഗമവുമുണ്ടാകും. തറാവീഹ് അടക്കമുള്ള നിസ്‌കാരങ്ങള്‍ മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദ്, മഅ്ദിന്‍ ഓള്‍ഡ് മസ്ജിദ്, ഓഡിറ്റോറിയങ്ങള്‍ എന്നിവയില്‍ നടക്കും. തസ്ബീഹ് നിസ്‌കാരം, അവ്വാബീന്‍ നിസ്‌കാരം, വിത്റ് നിസ്‌കാരങ്ങളും നടക്കും.

രാത്രി ഒമ്പതിന് പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ് എം എ സംസ്ഥാന പ്രസിഡന്റ് കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ പ്രസംഗിക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി എ പി അബ്ദുല്‍ കരീം ഹാജി ചാലിയം തബറുക് വിതരണോദ്ഘാടനം നടത്തും.

പുലര്‍ച്ചെ മൂന്നുവരെ നീളുന്ന പരിപാടിയില്‍ ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, തഹ്‌ലീല്‍, തൗബ, പ്രാര്‍ഥന നടക്കും. പരിപാടിക്ക് എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് അത്താഴ വിതരണവും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളുമുണ്ടാകും. പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള അറബിക് ഗ്രന്ഥ രചനാ ശില്‍പശാല സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം വെള്ളയൂര്‍ അബ്ദുല്‍ അസീസ് സഖാഫി, ഏലംകുളം അബ്ദുറഷീദ് സഖാഫി, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍, നൗഫല്‍ ഇര്‍ഫാനി കോടോമ്പുഴ, സ്വാലിഹ് അദനി കുമരംപുത്തൂര്‍, അനസ് അദനി കിഴിശ്ശേരി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ആരംഭിച്ച 48 മണിക്കൂര്‍ ഇഅ്തികാഫ് ജല്‍സയില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്ക് കൊള്ളുന്നത്.

ലഹരിമുക്ത നാടിന് മെഗാ ക്യാമ്പയിനുമായി മഅ്ദിന്‍ അക്കാദമി
മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ പ്രാര്‍ഥനാ സമ്മേളനത്തില്‍ ജനലക്ഷങ്ങള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. ലഹരിയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു സംഗമത്തിന് സ്വലാത്ത് നഗര്‍ സാക്ഷ്യം വഹിക്കുന്നത്. ലഹരിയുടെ വ്യാപനവും പ്രത്യാഘാതങ്ങളും കുടുംബങ്ങളില്‍ വരെ ധാരാളമായി കണ്ടുവരുന്ന പുതിയ കാലത്ത് ഇത്രയുമധികം ആളുകള്‍ ഒന്നിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. പ്രാര്‍ഥനാ സമ്മേളനത്തിന്റെ പ്രധാന കവാടത്തോട് ചേര്‍ന്നും നഗരിയിലും ഇഫ്ത്വാര്‍ ടെന്റുകളിലും ലഹരി വിരുദ്ധ പ്ലക്കാര്‍ഡുകളും ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

കേരളത്തിനകത്തും പുറത്തും നിന്നായി സമ്മേളനത്തിനെത്തുന്ന ജനങ്ങള്‍ പ്രതിജ്ഞയുടെ ഭാഗമാകും. ലഹരിവിരുദ്ധ പ്രതിജ്ഞക്ക് പുറമേ ട്രാഫിക് നിയമ, ആത്മഹത്യാവിരുദ്ധ പ്രതിജ്ഞയും ബോധവത്കരണവും ഇതോടൊപ്പമുണ്ടാകും. പത്ത് കിലോമീറ്റര്‍ ചുറ്റളവിലായി ലഹരിവിരുദ്ധ കൊളാഷ് പ്രദര്‍ശനവും ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും. ലഹരിയെ നിരുത്സാഹപ്പെടുത്തിയുള്ള പ്രവാചകാധ്യാപനങ്ങള്‍ കോര്‍ത്തിണക്കിയ ഇസ്‌ലാമിക് ഹീലിംഗ് പ്രദര്‍ശനവും സംഘടിപ്പിക്കും. ലഹരിക്കടിമപ്പെട്ടവര്‍ക്ക് സൗജന്യ കൗണ്‍സലിംഗ് ഹെല്‍പ്പ് ലൈന്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഒരു ലക്ഷം സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളിലേക്ക് ബോധവത്കരണ ക്ലാസുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് ലഹരി നിര്‍മാര്‍ജന മാര്‍ഗരേഖ കൈമാറുകയും നൂറ് മഹല്ലുകളില്‍ ലഹരി മുക്തനാട് പദ്ധതി നടപ്പിലാക്കുകയും ചെയ്യും. ആയിരം കിലോമീറ്റര്‍ ബോധവത്കരണ യാത്രയും നൂറുകവലകളില്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. മഅ്ദിന്‍ അക്കാദമിയുടെ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സ്ഥാപനമായ മിംഹാറിന്റെ നേതൃത്വത്തില്‍ വിപുലമായ പദ്ധതികളാണ് നഗരിയില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.

പ്രാര്‍ഥനാ സമ്മേളനം വിജയിപ്പിക്കുക: നേതാക്കള്‍
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമസാന്‍ 27-ാം രാവായ നാളെ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനം വിജയിപ്പിക്കാന്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, സ്വാഗതസംഘം കണ്‍വീനര്‍ പി എം മുസ്തഫ കോഡൂര്‍, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്സനി കല്ലറക്കല്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മുഷ്താഖ് സഖാഫി അഭ്യര്‍ഥിച്ചു.

പുതുമോടിയില്‍ ഗ്രാന്‍ഡ് മസ്ജിദ്
മലപ്പുറം: പ്രാര്‍ഥനാ സമ്മേളനത്തിന് വിശ്വാസികളെ സ്വീകരിക്കാന്‍ സജ്ജമായിരിക്കുകയാണ് മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദ്. അടുത്തിടെ നവീകരണ ഉദ്ഘാടനം കഴിഞ്ഞ മസ്ജിദ് മനോഹരമായ മിനാരങ്ങളും ഇന്റീരിയര്‍ ഡിസൈനുകളും വര്‍ണ വിളക്കുകളും കൊണ്ട് പ്രൗഢമാണ്. വെണ്ണക്കല്ലില്‍ പടുത്തുയര്‍ത്തിയതു പോലെ തോന്നിക്കുന്ന മസ്ജിദിലെ സുവര്‍ണ നിറമുള്ള ഖുബ്ബകള്‍ മദീനയിലെ പ്രവാചകരുടെ പള്ളിയെ അനുസ്മരിപ്പിക്കുന്നതാണ്. മക്കയിലെ ഹറം പള്ളിയോട് സാമ്യം പുലര്‍ത്തുന്ന 125 അടി ഉയരമുള്ള ഗ്രാന്‍ഡ് മസ്ജിദിന്റെ നാല് മിനാരങ്ങള്‍ അറേബ്യന്‍-പേര്‍ഷ്യന്‍ ശില്‍പ ചാരുതയുടെ സമന്വയം കൂടിയാണ്.

മഅ്ദിന്‍ എന്‍കൗമിയത്തോടനുബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഗ്രാന്‍ഡ് മസ്ജിദില്‍ നിലവില്‍ ഒരേസമയം 25,000 പേര്‍ക്ക് നിസ്‌കരിക്കാവുന്ന സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. മലപ്പുറത്തെ വിശ്വാസികളുടെ ഇഷ്ട ആരാധന കേന്ദ്രവുമാണ് മഅ്ദിന്‍ മസ്ജിദ്. ഒന്നാം നിലയില്‍ ഹൈടെക് ഇസ്‌ലാമിക് ലൈബ്രറി, ഗവേഷണ കേന്ദ്രം എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഭിന്നശേഷിക്കാര്‍, വീല്‍ചെയര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ പള്ളിയിലുണ്ട്. റമസാനില്‍ ദിനേന നൂറുകണക്കിനാളുകളാണ് പള്ളിയില്‍ ഇഫ്ത്വാറിനെത്താറുള്ളത്. മലപ്പുറം നഗരത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ മാറി കോഴിക്കോട്-പാലക്കാട് ഹൈവേയുടെ ചാരത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ വഴിയാത്രക്കാര്‍, പരിസരത്തെ ആശുപത്രികളിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍, നഗരത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധി പേര്‍ക്ക് നോമ്പ് തുറക്കും അത്താഴത്തിനും സൗകര്യമുണ്ട് ഇവിടെ.

പുലര്‍ച്ചെ ഇഅ്തികാഫ് ജല്‍സയോടെയാണ് പ്രധാന പരിപാടികള്‍ക്ക് തുടക്കമാകുന്നത്. പുണ്യമാസത്തിന്റെ ആരംഭം മുതല്‍ പെരുന്നാള്‍ ദിവസം വരെ ഇഅ്തികാഫിനായി വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന ആളുകള്‍ക്ക് ഹദീസ് ക്ലാസ്, ചരിത്രപഠനം, കര്‍മശാസ്ത്ര ചര്‍ച്ചകള്‍, സംശയ നിവാരണം ഉള്‍പ്പെടെ നിരവധി വിജ്ഞാന വേദികള്‍ മസ്ജിദില്‍ നടന്നുവരുന്നു. 30 ദിവസം രാത്രി വൈകിയും വിശ്വാസികള്‍ ആരാധനാ കര്‍മങ്ങളില്‍ മുഴുകുന്നതിനാല്‍ ഗ്രാന്‍ഡ് മസ്ജിദിന്റെ വാതിലുകള്‍ അടയാറില്ല.

സംശയങ്ങള്‍ ദൂരീകരിക്കാന്‍ കര്‍മശാസ്ത്ര പഠനം
മലപ്പുറം: റമസാനിന്റെ വിശുദ്ധ ദിനങ്ങളില്‍ മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടന്നുവരുന്ന കര്‍മശാസ്ത്ര പഠനം വിശ്വാസികള്‍ക്ക് ആശ്വാസമാണ്. നിസ്‌കാരം, സകാത്ത്, നോമ്പ് തുടങ്ങി സുപ്രധാനമായ വിവിധ അനുഷ്ഠാന കര്‍മങ്ങളിലുണ്ടാകുന്ന സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടിയാണ് അസര്‍ നിസ്‌കാര ശേഷം ഇബ്റാഹീം ബാഖവി മേല്‍മുറിയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍മശാസ്ത്ര പഠന സെഷനിലൂടെ ലഭിക്കുന്നത്. ശാഫിഈ ഫിഖ്ഹിലെ വിഷയങ്ങളെ കുറിച്ച് ഉസ്താദ് അവതരണം നടത്തും. ദൈനംദിന ജീവിതത്തില്‍ ഉപകരിക്കുന്ന വിവിധ വിഷയങ്ങളും ക്ലാസില്‍ ചര്‍ച്ചയാകും.

ക്ലാസ് കഴിഞ്ഞ ഉടനെ സംശയമുള്ളവര്‍ക്ക് ചോദിക്കാം. ഏത് വിഷയത്തിലുള്ള ചോദ്യങ്ങളും ചോദിക്കാന്‍ പറ്റുന്ന തുറന്ന വേദി കൂടിയാണിത്. കൃത്യമായ മറുപടി ലഭിക്കും. ഇടയ്ക്ക് ഖുര്‍ആനിലെ വിവിധ അധ്യായങ്ങളുടെ വിശദീകരണവും ക്ലാസിലുണ്ടാകും. വിശ്വാസികള്‍ക്ക് കര്‍മശാസ്ത്രപരമായ അടിത്തറ ഉറപ്പിക്കാന്‍ പാകത്തിലുള്ളതാണ് ഈ കര്‍മശാസ്ത്ര പഠനം.

മലപ്പുറത്ത് ഗതാഗത നിയന്ത്രണം
മലപ്പുറം: റമസാന്‍ 27-ാം രാവായ നാളെ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തോടനുബന്ധിച്ച് മേല്‍മുറി, മലപ്പുറം ടൗണ്‍ ഭാഗങ്ങളില്‍ വാഹന ഗതാഗതം സുഗമമാക്കുന്നതിന് വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് മൂന്നു മുതല്‍ ഇതുവഴി കടന്നുപോകേണ്ട കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍ വെള്ളുവമ്പ്രത്ത് നിന്നും മഞ്ചേരി വഴി തിരൂര്‍ക്കാട് കടന്നും പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വരുന്നവ മഞ്ചേരി വെള്ളുവമ്പ്രം വഴിയും പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.

 

 

 

 

 

Latest