National
പ്രാര്‍ഥന ചൊല്ലിയത് പതിവ് രീതി, വെടിയൊച്ചയുമായി ബന്ധമില്ല; മൊഴി നല്‍കി സിപ് ലൈന്‍ ഓപറേറ്റര്‍
സിപ് ലൈനില്‍ കയറുന്ന സഞ്ചാരികളെ പ്രാര്‍ഥന ചൊല്ലിയാണ് വിടാറുള്ളത്. ഭീകരര്‍ വെടിവെപ്പ് തുടര്‍ന്ന സാഹചര്യത്തില്‍ താനും ഓടിപ്പോവുകയാണ് ചെയ്തതെന്നും സിപ് ലൈന്‍ ഓപറേറ്റര്‍ മുസമ്മില്‍.

ശ്രീനഗര്‍ | പ്രാര്‍ഥന ചൊല്ലിയത് പതിവ് രീതിയാണെന്ന് എന്‍ ഐ എ കസ്റ്റഡിയിലെടുത്ത സിപ് ലൈന്‍ ഓപറേറ്ററുടെ മൊഴി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്ത മുസമ്മില്‍ ആണ് മൊഴി നല്‍കിയത്.
സിപ് ലൈനില്‍ കയറുന്ന സഞ്ചാരികളെ പ്രാര്‍ഥന ചൊല്ലിയാണ് വിടാറുള്ളതെന്നും വെടിയൊച്ചയും പ്രാര്‍ഥനയും തമ്മില്‍ ബന്ധമില്ലെന്നും മുസമ്മില്‍ എന്‍ ഐ എ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം. ഭീകരര്‍ വെടിവെപ്പ് തുടര്‍ന്ന സാഹചര്യത്തില്‍ പ്രദേശത്ത് നിന്ന് താനും ഓടിപ്പോവുകയാണ് ചെയ്തതെന്നും മുസമ്മില്‍ വ്യക്തമാക്കി.
ഭീകരര്‍ ഒരുഭാഗത്ത് വെടിവെപ്പ് നടത്തുമ്പോള്‍ മറുഭാഗത്ത് ഒരു വിനോദ സഞ്ചാരി സിപ് ലൈനിലൂടെ പോവുന്ന വീഡിയോ ദൃശ്യം പ്രചരിച്ചതിനു പിന്നാലെയാണ് മുസമ്മിലിനെ എന്‍ ഐ എ കസ്റ്റഡിയിലെടുത്തത്.