Kerala
പ്രീ പ്രൈമറി അധ്യാപകരുടെ ഓണറേറിയം വര്‍ധന: സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
അപ്പീലില്‍ ജൂണ്‍ 23ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീ കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് വിശദമായ വാദം കേള്‍ക്കും.

കൊച്ചി| സർക്കാർ സ്കൂളുകളിൽ പി ടി എ നടത്തുന്ന പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം വര്‍ധിപ്പിച്ച സിംഗിള്‍ ബെഞ്ച് നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സര്‍ക്കാര്‍ പിടിഎ നിയമിച്ച അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമാക്കി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ച ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. നിലവിൽ 12,500, 7500 എന്നിങ്ങനെയാണ് ഓണറേറിയം.
അപ്പീലില്‍ ജൂണ്‍ 23ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീ കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് വിശദമായ വാദം കേള്‍ക്കും. ഓണറേറിയം തുക സര്‍ക്കാര്‍ ഭരണതലത്തില്‍ തീരുമാനിക്കേണ്ടതാണ്. വര്‍ധിപ്പിക്കണമെന്നു പറയാന്‍ കോടതിക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് ഹരജി നല്‍കിയത്.
ഓള്‍ കേരള പ്രീപ്രൈമറി സ്റ്റാഫ് അസോസിയേഷനും അധ്യാപകരും ഫയല്‍ ചെയ്ത ഹരജി പരിഗണിച്ചായിരുന്നു സിംഗിള്‍ ബെഞ്ച് വേതനം വര്‍ധിപ്പിച്ച് ഉത്തരവിട്ടത്. സര്‍ക്കാര്‍ നടത്തുന്ന പ്രീ-സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് തുല്യമായ ശമ്പള സ്‌കെയില്‍ ഉള്‍പ്പെടെയുള്ള സേവന വ്യവസ്ഥകള്‍ രൂപീകരിക്കുന്നതിനുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നുമായിരുന്നു അസോസിയേഷന്റെ ആവശ്യം.