Connect with us

From the print

സുന്നികൾ മുസ്‌ലിംകളല്ലെന്ന പ്രസംഗം; കുരുക്കിലായി മുജാഹിദ് നേതൃത്വം

തള്ളിപ്പറഞ്ഞാൽ അടിസ്ഥാന നിലപാടിന് എതിരാവും

Published

|

Last Updated

കോഴിക്കോട് | സുന്നികൾ മുസ്‌ലിംകളല്ലെന്ന വഹാബി ആചാര്യനും പ്രമുഖ പ്രഭാഷകനുമായ ചുഴലി അബ്ദുല്ല മൗലവിയുടെ പ്രസംഗത്തിൽ പ്രതിരോധത്തിലായി മുജാഹിദ് നേതൃത്വം. സുന്നികൾ മുസ്‌ലിംകളല്ല, സുന്നികളുടെ പള്ളികൾ അമ്പലങ്ങളാണ്. അമ്പലത്തിൽ കയറി നിസ്കരിക്കുന്നതിന് തുല്യമാണ് സുന്നി പള്ളികളിൽ കയറി നിസ്‌കരിക്കുന്നത്, അമ്പലത്തിലെ സ്വാമിയെ പിന്തുടർന്ന് നിസ്കരിക്കുന്നതിന് സമാനമാണ് സുന്നി ഇമാമിനെ തുടർന്ന് നിസ്കരിക്കുന്നത്, ആ നിസ്‌കാരം സ്വഹീഹാവുകയില്ല എന്നിങ്ങനെയുള്ള പരാമർശമാണ് ചുഴലി അബ്ദുല്ല മൗലവി ഉയർത്തിയത്.
പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെ ചുഴലിയെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് മുജാഹിദ് നേതൃത്വം. മുജാഹിദ് പ്രസ്ഥാനത്തിന്റെ മുൻകാല പ്രസിഡന്റും നേതാവുമായിരുന്ന കെ ഉമർ മൗലവി പല തവണ പറയുകയും എഴുതുകയും ചെയ്ത വാദത്തിന് സമാനമാണ് ചുഴലി അബ്ദുല്ല മൗലവിയുടെ പുതിയ പ്രസംഗമെന്നത് പ്രസക്തമാണ്. ചുഴലിയെ തള്ളിപ്പറയുന്നത് ഉമർ മൗലവിയെ തള്ളിപ്പറയുന്നതിന് സമാനമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എസ് വൈ എസ് മുൻ സംസ്ഥാന പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായിരുന്ന ഇ കെ ഹസൻ മുസ്‌ലിയാർ മരണ ശയ്യയിലായിരിക്കെ അദ്ദേഹത്തോട് മുസ്‌ലിമാകണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത് കെ ഉമർ മൗലവിയായിരുന്നു. കൂടാതെ, സുന്നികൾ മുസ്‌ലിംകളല്ലെന്ന വാദം തരംപോലെ വിവിധ പ്രസിദ്ധീകരണങ്ങളിൽ മുജാഹിദ് നേതാക്കൾ പല തവണയായി എഴുതിയിട്ടുമുണ്ട്.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഭൂരിപക്ഷം വരുന്ന സുന്നികളെ അവഗണിച്ചുകൊണ്ട് മുസ്‌ലിം മുഖ്യധാരയിലേക്ക് കടന്നുകയറാൻ കഴിയില്ലെന്ന കണ്ടെത്തലാണ് ഈ വാദം ഒളിച്ചുവെക്കാൻ മുജാഹിദ് നേതാക്കളെ പ്രേരിപ്പിക്കുന്നത്. എന്നാൽ, സുന്നികൾ മുസ്‌ലിംകളല്ലെന്നും സുന്നി പള്ളികൾ അമ്പലങ്ങളാണെന്നുമുള്ള മുജാഹിദ് ആചാര്യന്റെ പ്രസംഗം പുറത്തുവന്നതോടെ പൊള്ളുന്ന ചോദ്യങ്ങളിൽ ഉഴലുകയാണ് സലഫികൾ.
ചുഴലി അബ്ദുല്ല മൗലവിയുടെ വാദപ്രകാരം, സുന്നിയായ പിതാവിന്റെ അനന്തരവകാശത്തിൽ മുജാഹിദായ മക്കൾക്ക് അർഹതയുണ്ടാകില്ല. ഇതിനകം മരണപ്പെട്ട സുന്നികളായ പിതാക്കൻമാരുടെ അനന്തരവകാശം സ്വീകരിച്ച മുജാഹിദുകളായ മക്കൾ അവ തിരിച്ചുകൊടുക്കുമോയെന്നതാണ് ഒരു ചോദ്യം. സുന്നികൾ അറവ് നടത്തിയ മൃഗത്തിന്റെ മാംസം കഴിക്കൽ അനുവദനീയമല്ലാത്തതിനാൽ മുജാഹിദുകൾ കേരളത്തിലുടനീളം പ്രത്യേക അറവുശാലകൾ നിർമിക്കുമോയെന്നതാണ് മറ്റൊരു ചോദ്യം. കൂടാതെ, ഭൂരിപക്ഷം വരുന്ന സുന്നികളെ മുശ്‌രിക്കുകളാക്കുന്ന മുജാഹിദ് വിഭാഗത്തെ മുസ്‌ലിം സൗഹൃദ കൂട്ടായ്മയിലേക്ക് വിളിച്ച് വരുത്തുന്നതിനെതിരെയും വിമർശമുയർന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest