Connect with us

Editors Pick

ട്രംപിനെ 'പേടി'; യുഎസിലെ ആശുപത്രികളിൽ മാസം തികയാതെ പ്രസവിക്കാൻ ഗർഭിണികളുടെ തിരക്ക്

ഫെബ്രുവരി 20-ന് മുമ്പ് സിസേറിയൻ ഷെഡ്യൂൾ ചെയ്യണമെന്നാണ് ഇവുരടെ ആവശ്യം

Published

|

Last Updated

ന്യൂജേഴ്സി | ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് പിന്നാലെ അമേരിക്കയിലെ ആശുപത്രികളിൽ സിസേറിയൻ വഴി പ്രസവം നേരത്തെയാക്കാൻ ഗർഭിണികളുടെ തിരക്ക്. ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഗർഭിണികളാണ് മാസം തികയും മുമ്പേ പ്രസവിക്കാൻ സന്നദ്ധരായി ആശുപത്രികളിൽ എത്തുന്നത്. ഫെബ്രുവരി 20 മുതൽ ജന്മനാൽ പൗരത്വം നൽകുന്നതിനുള്ള യുഎസ് ഭരണഘടനയിലെ വ്യവസ്ഥ ഭേദഗതി ചെയ്യുമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം മറികടക്കാനാണ് ഗർഭിണികളുടെ നീക്കം.

യുഎസ് ഭരണഘടനയിലെ 14–ാം ഭേദഗതിയനുസരിച്ച്, അവിടെ ജനിക്കുന്ന ആർക്കും യുഎസ് പൗരത്വത്തിന് അവകാശമുണ്ട്. എന്നാൽ ഫെബ്രുവരി 20 മുതൽ സ്ഥിര താമസക്കാരല്ലാത്തവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വയമേവ പൗരത്വത്തിന് അർഹതയില്ലെന്ന ഭേദഗതിയാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതോടെ വിദേശികളായ ഗർഭിണികൾ ആശങ്കയിലാണ്. ഫെബ്രുവരി 20ന് ശേഷം പ്രസവം നടക്കേണ്ടവർ അതിന് മുമ്പ് തന്നെ പ്രസവിച്ച് യുഎസ് പൗരത്വം ഉറപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് ഇവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.

ന്യൂജേഴ്‌സിയിലെ ഒരു പ്രസവ ക്ലിനിക്കിൽ, ഡോ. എസ്. ഡി. രമയെ കാണാനെത്തിയ ഗർഭിണികളിൽ ഭൂരിഭാഗവും എട്ടോ ഒൻപതോ മാസം മാത്രം തികഞ്ഞവരാണ്. ഫെബ്രുവരി 20-ന് മുമ്പ് സിസേറിയൻ ഷെഡ്യൂൾ ചെയ്യണമെന്നാണ് ഇവുരടെ ആവശ്യം. ഏഴ് മാസം ഗർഭിണിയായ ഒരു സ്ത്രീയും കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്ന് ഡോ. രമ മാധ്യമങ്ങളോട് പറഞ്ഞു.

മാസം തികയാതെയുള്ള പ്രസവം അമ്മയ്ക്കും കുഞ്ഞിനും കാര്യമായ അപകടസാധ്യത സൃഷ്ടിക്കുമെന്ന് ദമ്പതികളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഡോ. രമ പറഞ്ഞു. അവികസിത ശ്വാസകോശം, ഭക്ഷണ പ്രശ്നങ്ങൾ, കുറഞ്ഞ ജനന ഭാരം, നാഡീസംബന്ധമായ സങ്കീർണതകൾ തുടങ്ങിയവ ഇതുമൂലം കുട്ടികൾക്ക് അനുഭവപ്പടുമെന്ന് ടെക്സസിലെ ഗൈനക്കോളജിസ്റ്റ് ഡോ. എസ് ജി മുക്കാല പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ, 20 ഓളം ഗർഭിണികളുമായി ഇക്കാര്യം സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമവിരുദ്ധമായി കുടിയേറിയവരെ മാത്രമല്ല, താൽക്കാലിക വീസയിൽ യുഎസിൽ ഉള്ളവരെയും ഗ്രീൻ കാർഡിനു കാത്തിരിക്കുന്നവരെയും ഭേദഗതി ബാധിക്കും. താൽക്കാലിക തൊഴിൽ വീസകൾ (എച്ച്–1ബി, എൽ1), ആശ്രിത വീസ (എച്ച് 4), പഠന വീസ (എഫ്1), ഇന്റേൺഷിപ്, അധ്യാപന, പരിശീലന സന്ദർശക വീസ (ജെ1), ഹ്രസ്വകാല ബിസിനസ് അല്ലെങ്കിൽ ടൂറിസ്റ്റ് വീസ (ബി1, ബി2) തുടങ്ങിയവ ഉപയോഗിച്ച് യുഎസിൽ കഴിയുന്നവർക്കും ഉത്തരവ് തിരിച്ചടിയാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ജന്മാവകാശ പൗരത്വം നിരവധി ദമ്പതികൾക്ക്, പ്രത്യേകിച്ച് യുഎസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് ഒരു സുരക്ഷാ വലയായിരുന്നു.

Latest