Prathivaram
വിവാഹ പൂർവ കൗൺസലിംഗ് പ്രശ്നങ്ങളും പരിഹാരവും
അന്ധമായ പാശ്ചാത്യവത്കരണത്തിന്റെ ചുവടുപിടിച്ച് നിയമപരമായി വിവാഹിതരാകാതെ, കുടുംബക്കാർ പോലും അറിയാതെ ഒന്നിച്ച് ജീവിച്ച് പ്രശ്‌നങ്ങൾ വരുമ്പോൾ മാത്രം നിയമത്തിന്റെ പരിരക്ഷ തേടുന്ന യുവതലമുറയെ നമുക്ക് ചുറ്റിലും കാണാൻ കഴിയും. വീട്ടിൽനിന്നും സ്‌നേഹം കിട്ടുന്നില്ല എന്ന തോന്നലിൽ സ്‌നേഹത്തിനായി സോഷ്യൽ മീഡിയയിൽ പരതി അബദ്ധ കൂട്ടുകെട്ടിൽ പെടുകയും വീട് വിട്ടിറങ്ങുകയും അവസാനം തിരിച്ചുവരാൻ പറ്റാത്ത സാഹചര്യങ്ങളിൽ പെട്ടുപോകുന്ന കൗമാരക്കാരും ഇന്ന് കേരളത്തിൽ സുലഭമാണ്. യുവതലമുറയിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടുകയും അതിന്റെ ലഹരിയിൽ സംഭവിക്കുന്ന അവിഹിത ബന്ധങ്ങളും അസാന്മാർഗിക പ്രവൃത്തികളും നമ്മുടെ നാട്ടിൽ കൂടിക്കൊണ്ടിരിക്കുന്നു.
വിവാഹമോചനവും ദാമ്പത്യ പ്രശ്‌നങ്ങളും അനുദിനം വർധിച്ചുവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പഴയ തലമുറക്കാരെപ്പോലെ എന്തു പ്രശ്‌നങ്ങളുണ്ടായാലും എല്ലാം ഉള്ളിലൊതുക്കിപ്പിടിച്ചുകൊണ്ട്, എല്ലാം സഹിച്ച് ജീവിതം തള്ളിനീക്കുന്ന ജനതയല്ല പുതുതലമുറയിലേത്. ഉയർന്ന വിദ്യാഭ്യാസവും സ്വന്തമായ ജോലിയും സാമ്പത്തിക സുരക്ഷിതത്വവും അവകാശ ബോധവും പുതിയ തലമുറയെ കാര്യങ്ങൾ തുറന്നുപറയാനും അനീതിക്കെതിരെ പ്രതികരിക്കാനും ശക്തമാക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി വനിതാ കമ്മീഷന്റെ മുമ്പിലെത്തുന്ന പരാതികൾ പരിശോധിക്കുമ്പോൾ ഒട്ടുമിക്ക കേസുകളും ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്ന് കാണാൻ കഴിയും. സോഷ്യൽ മീഡിയയുടെ അതിപ്രസരണം മൂലം ചതിക്കുഴികളിൽ ഭർത്താവിനെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങുന്ന ഭാര്യമാരേയും കുഞ്ഞിനെ കൊന്ന് പുതിയ ഭർത്താവിനോടൊപ്പം ജീവിക്കാൻ തുനിഞ്ഞിറങ്ങുന്ന ഭാര്യമാരും പ്രേമം പരാജയപ്പെട്ടാൽ പെൺകുട്ടിയെ കൊന്നുകളയുന്ന കാമുകന്മാരും ഇന്ന് കേരളത്തിൽ കൂടിക്കൊണ്ടിരിക്കുന്നു.
അന്ധമായ പാശ്ചാത്യവത്കരണത്തിന്റെ ചുവടുപിടിച്ച് നിയമപരമായി വിവാഹിതരാകാതെ, കുടുംബക്കാർ പോലും അറിയാതെ ഒന്നിച്ച് ജീവിച്ച് പ്രശ്‌നങ്ങൾ വരുമ്പോൾ മാത്രം നിയമത്തിന്റെ പരിരക്ഷ തേടുന്ന യുവതലമുറയെ നമുക്ക് ചുറ്റിലും കാണാൻ കഴിയും. വീട്ടിൽനിന്നും സ്‌നേഹം കിട്ടുന്നില്ല എന്ന തോന്നലിൽ സ്‌നേഹം കിട്ടാൻ സോഷ്യൽ മീഡിയയിൽ പരതി അബദ്ധ കൂട്ടുകെട്ടിൽ പെടുകയും വീട്ടിൽനിന്ന് ഒളിച്ചോടിപ്പോകുകയും, അവസാനം തിരിച്ചുവരാൻ പറ്റാത്ത സാഹചര്യങ്ങളിൽ പെട്ടുപോകുന്ന കൗമാരക്കാരും ഇന്ന് കേരളത്തിൽ സുലഭമാണ്. യുവതലമുറയിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടുകയും മയക്കുമരുന്നിന്റെ ലഹരിയിൽ സംഭവിക്കുന്ന അവിഹിത ബന്ധങ്ങളും അസാന്മാർഗിക പ്രവൃത്തികളും നമ്മുടെ നാട്ടിൽ കൂടിക്കൊണ്ടിരിക്കുന്നു.
ഇന്ന് പത്രമാധ്യമങ്ങൾ നോക്കിയാൽ കുടുംബത്തകർച്ചയുടെയും വിവാഹേതര ബന്ധങ്ങളുടെയും കൊലപാതകങ്ങളുടെയും വാർത്തകളാണ് ദിവസേന നമുക്ക് കാണാൻ കഴിയുന്നത്. പഴയ കാലത്തെ അപേക്ഷിച്ച് വിവര സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടവും സുഖസൗകര്യങ്ങളുടെ ലഭ്യതയും വർധിച്ചിട്ടും കുടുംബജീവിതത്തിൽ സന്തോഷം ലഭിക്കാത്തത് എന്തുകൊണ്ട് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
പണ്ടുകാലത്ത് മക്കളെ ഉപദേശിക്കാനും വഴികാട്ടാനും മാർഗനിർദേശങ്ങൾ നൽകാനും കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും നാട്ടുകാരണവന്മാരും ഒക്കെ ഉണ്ടായിരുന്നു. ഇന്ന് സ്ഥിതി മാറി. കൂട്ടുകുടുംബ വ്യസ്ഥിതിയിൽ നിന്നും അണുകുടുംബങ്ങളിലേക്ക് മലയാളി ചേക്കേറിയപ്പോൾ സ്വന്തം പ്രശ്‌നങ്ങൾ പോലും നോക്കി കണ്ട് പരിഹരിക്കാനുള്ള സമയം മലയാളിക്ക് നഷ്ടപ്പെട്ടു. വിവാഹം കഴിയുന്നതിനുമുമ്പ് മകനെ അല്ലെങ്കിൽ മകളെ വിളിച്ച് ഉപദേശിക്കുന്ന പല സംഭവങ്ങളും ചരിത്രഗ്രന്ഥങ്ങളിൽ കാണാം. ഇന്ന് സ്വന്തമായി രൂപപ്പെടുത്തിയ ആശയങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും പഠിച്ച് വളർന്ന് വരുന്ന പക്വത കുറഞ്ഞ “ന്യൂജനറേഷൻ മക്കൾ’ പ്രായോഗികതയില്ലാത്ത സിനിമകളിൽനിന്നും ആൽബങ്ങളിൽനിന്നും അശ്ലീല വീഡിയോകളിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദാമ്പത്യവും ലൈംഗികതയും ആരംഭിക്കുകയും തുടർന്ന് മുന്നോട്ട് പോകാൻ കഴിയാതെ തകർന്നുപോകുന്ന ദാമ്പത്യവും നമുക്കിടയിൽ കാണാൻ കഴിയും.
പവിത്രവും ആരോഗ്യപൂർണവുമായ ദാമ്പത്യം യാതൊരു പ്രശ്‌നങ്ങളുമില്ലാതെ മുന്നോട്ട് പോകുന്നതിന് ചില മുന്നൊരുക്കങ്ങൾ ആവശ്യമാണ്. ഏതൊരു വിഷയത്തേയും നേരിടാൻ നാം മുന്നൊരുക്കം നടത്തുന്നതുപോലെ ദാമ്പത്യത്തിനും തയ്യാറെടുപ്പ് ആവശ്യമാണ്. കൗമാരത്തിന്റെ ആരംഭം ഏകദേശം എട്ട് വയസ്സ് മുതൽ തുടങ്ങുന്നതുകൊണ്ട് ഈ പ്രായത്തിൽ തന്നെ സമൂഹത്തിൽനിന്നും കുട്ടികൾക്ക് നേരിടാവുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള ശക്തി അവർക്ക് നൽകേണ്ടതായിട്ടുണ്ട്. വിവാഹപ്രായമെത്തിയ ശേഷം വൈവാഹിക ജീവിതത്തെ കുറിച്ച് ബോധവത്കരിക്കുന്നതിന് പകരം ചെറുപ്രായത്തിൽ തന്നെ ശാരീരിക മാനസിക പീഡനങ്ങളെ ചെറുത്ത് നിൽക്കാനും ഭാവിയിലെ കുടുംബജീവിതത്തെക്കുറിച്ചും പെൺകുട്ടികളെ ശക്തരാക്കേണ്ടതുണ്ട്. ചെറുപ്രായത്തിൽ സംഭവിച്ച ശാരീരിക പീഡനങ്ങളെക്കുറിച്ച് കുട്ടികൾ ആ പ്രായത്തിൽ തുറന്ന് പറഞ്ഞെന്നു വരില്ല. പക്ഷേ, ഭാവിയിൽ വൈവാഹിക ജീവിതത്തിന് ഇത് തടസ്സമായി മാറാം.
പ്രണയക്കെടുതിയിൽ ചെറുപ്രായത്തിലേ തന്നെ പെട്ടുപോകുന്ന കുട്ടികളുണ്ട്. ഇതിനെക്കുറിച്ച് ബോധവത്കരണം ഈ പ്രായത്തിൽ തന്നെ നൽകേണ്ടതാണ്. പ്രണയത്തിന്റെ ദുരന്തഫലവും, അതുകൊണ്ട് സംഭവിക്കാവുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങളേയും കുറിച്ച് കുട്ടികളെ ബോധവത്കരിക്കേണ്ടതുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ നടത്തപ്പെടേണ്ടതാണ്. പ്രീമരൈറ്റൽ കൗൺസലിംഗ് കൗമാരത്തിന്റെ ആരംഭം ഏകദേശം എട്ട് വയസ്സു മുതൽ തുടങ്ങുന്നതുകൊണ്ട് ഈ സമയം മുതൽ തന്നെ സമൂഹത്തിൽ നിന്നും കുട്ടികൾ നേരിടാവുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള ശേഷി അവരിൽ വരുത്തേണ്ടതുണ്ട്. വൈവാഹിക പ്രായമെത്തിയ പെൺകുട്ടികൾക്ക് ദാമ്പത്യ-കുടുംബ ജീവിതത്തെക്കുറിച്ചും മുലയൂട്ടൽ, കുട്ടികളെ വളർത്തൽ, സംതൃപ്ത ലൈംഗികത, ആശയ വിനിമയം, കുടുംബ ബജറ്റ് പ്ലാനിംഗ്, സ്ത്രീ-പുരുഷ മനഃശാസ്ത്രം തുടങ്ങിയവയെക്കുറിച്ചും വിവാഹപൂർവ കൗൺസലിംഗിൽ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നതുകൊണ്ട് വിവാഹ ജീവിതത്തിന് സജ്ജമാകുകയാണ് വിവാഹപൂർവ കൗൺസലിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. ആൺകുട്ടികൾക്കും ആരോഗ്യകരമായ കുടുംബജീവിതത്തെക്കുറിച്ചും ആരോഗ്യപരമായ ലൈംഗിക ജീവിതത്തെക്കുറിച്ചും ലഹരി വർജനത്തെക്കുറിച്ചും ജീവിതത്തിലെ പ്ലാനിംഗിനെക്കുറിച്ചും നല്ല സ്വഭാവം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും ശാസ്ത്രീയമായ വിദ്യാഭ്യാസം കൊടുക്കണം. ഒരു പരിധിവരെ രണ്ട് ധ്രുവങ്ങളിലും വ്യത്യസ്ത സംസ്‌കാരത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലുമുള്ള രണ്ടു പേരുടെ സംഗമമാണ് വിവാഹം. നിയമപരമായി മാത്രം ഒന്നിപ്പിക്കാൻ കഴിയാത്ത ശാരീരിക മാനസിക ആത്മീയ ബന്ധമാണിത്.
എന്തുകൊണ്ട് പൊരുത്തക്കേടുകൾ ?
ഒരു കനൽ ആളിക്കത്തി തീയായി മാറാൻ ഒരു തീപ്പൊരി മാത്രം മതി. ഇതുപോലെ തന്നെയാണ് ജീവിതത്തിൽ സംഭവിക്കുന്ന ചെറിയ ചെറിയ പ്രശ്‌നങ്ങളും. ഇവയെല്ലാം കൃത്യസമയത്തുതന്നെ പക്വതയോടെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും. അവിടെയാണ് വിവാഹപൂർവ കൗൺസലിംഗിന്റെ പ്രസക്തി. ഇത്തരം കൗൺസലിംഗിലൂടെ ദാമ്പത്യ ബന്ധത്തിന് ആരോഗ്യകരമായ ഒരു അടിത്തറ നൽകാനും ശക്തമായ ബന്ധം കെട്ടിപ്പടുക്കാനും കഴിയും. വിവാഹപൂർവ തെറാപ്പിയിൽ ദമ്പതികൾക്ക് വിവാഹത്തെക്കുറിച്ചുള്ള പ്രതീക്ഷ എന്താണെന്ന് മനസ്സിലാക്കുന്നതിനും പ്രായോഗികതക്ക് നിരക്കാത്ത പ്രതീക്ഷകൾ ഉണ്ടെങ്കിൽ അവയെ പരിഹരിച്ച് ജീവിതം മുന്നോട്ടു പോകാനുള്ള മാർഗനിർദേശങ്ങളും നൽകുന്നു. ഓരോ പങ്കാളിയേയും വസ്തുനിഷ്ഠമായി പരിശോധിച്ച് വിവാഹബന്ധത്തിന്റെ കാഴ്ചപ്പാട് മാറ്റുകയാണ് ഇത്തരത്തിലുള്ള കൗൺസലിംഗിലൂടെ നിർവഹിക്കപ്പെടുന്നത്.
കുടുംബ – സാംസ്‌കാരിക പ്രശ്‌നങ്ങൾ
കുടുംബ ഘടനയും കുടുംബാംഗങ്ങളുടെ സ്വഭാവ വിശേഷങ്ങളും ജാതി – മത – സാംസ്‌കാരിക വിശ്വാസങ്ങളും പങ്കാളിയുടെ ജീവിതത്തേയും ദാമ്പത്യബന്ധത്തേയും ഗണ്യമായി ബാധിക്കുന്ന ഘടകങ്ങളാണ്. ചുരുക്കത്തിൽ എന്ത് തരത്തിലുള്ള ഭക്ഷണം പാകം ചെയ്യണം, എന്ത് ജോലി ചെയ്യണം, പണം എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങിയ ദൈനംദിന പെരുമാറ്റങ്ങളിലുള്ള പരസ്പര വൈരുധ്യ നിലപാടുകൾ ബന്ധങ്ങളിൽ വിള്ളലുകൾ സൃഷ്ടിക്കുന്നു. ഇത്തരം വ്യത്യാസങ്ങൾ പരസ്പരം തിരിച്ചറിയാനും പക്വതയോടെ കൈകാര്യം ചെയ്യാനും ദമ്പതികൾ എത്രയും നേരത്തേ പഠിക്കുന്നുവോ അത്രയും വേഗം ദാമ്പത്യ ജീവിതം മെച്ചപ്പെടുന്നു. പ്രശ്‌നങ്ങൾ മനസ്സ് തുറന്ന് പറയാനും പരസ്പരം വിട്ടുവീഴ്ചക്ക് തയ്യാറാക്കുകയുമാണ് വിവാഹപൂർവ കൗൺസലിംഗിന്റെ പ്രധാന ധർമം.
(അടുത്ത ലക്കം: പെരുമാറ്റ വൈകല്യങ്ങളെ
കണ്ടുപിടിക്കുക, ഇല്ലാതാക്കുക)