Uae
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഗ്രാന്‍ഡ് മീലാദുന്നബി ആഘോഷത്തില്‍ ആയിരങ്ങള്‍ സംബന്ധിക്കും
ശനിയാഴ്ച മഗ്രിബ് നിസ്‌കാരാനന്തരം സായിദ് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ മീലാദ് ആഘോഷ പരിപാടികള്‍ ആരംഭിക്കും.
ഫുജൈറ | നബിദിനത്തോടനുബന്ധിച്ച് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ രക്ഷാകര്‍തൃത്വത്തില്‍ നാളെ (ശനി) നടക്കുന്ന അല്‍ ബദര്‍ ഗ്രാന്‍ഡ് മീലാദുന്നബി ആഘോഷത്തില്‍ യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പങ്കാളികളാകും. പരിപാടി നടക്കുന്ന സായിദ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രവാചകര്‍ (സ) യുടെ ആദരണീയ ജീവചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളും അതുമായി ബന്ധപ്പെട്ട ധാര്‍മിക മൂല്യങ്ങളും ഉയര്‍ത്തിക്കാട്ടുന്നതിന്റെ ഭാഗമായാണ് ഫുജൈറ ഗവണ്മെന്റിന്റെ നേതൃത്വത്തില്‍ മീലാദുന്നബി ആഘോഷം ഒരുക്കിയിരിക്കുന്നത്.
പരിപാടിയില്‍ അതിഥികളായെത്തിയ മഅ്ദിന്‍ ചെയര്‍മാനും കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ ശൈഖ് ഇബ്രാഹിം ഖലീലുല്‍ ബുഖാരിക്കും ഹാഫിള് സ്വാദിഖ് ഫാളിലി ഗൂഡല്ലൂരിന്റെ നേതൃത്തിലുള്ള അല്‍ ബുര്‍ദ ഗ്രൂപ്പിനും ദുബൈ, ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ ഹൃദ്യമായ സ്വീകരണം നല്‍കി. പരിപാടിയില്‍ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി അതിഥിയായി സംബന്ധിക്കുന്നുണ്ട്.
ശനിയാഴ്ച മഗ്രിബ് നിസ്‌കാരാനന്തരം സായിദ് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ മീലാദ് ആഘോഷ പരിപാടികള്‍ ആരംഭിക്കും. അല്‍ ബുര്‍ദ ഗ്രൂപ്പ് തത്സമയ പരിപാടി അവതരിപ്പിക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.
യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേക വാഹനങ്ങളിലും മറ്റുമായെത്തുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഫുജൈറ നഗരത്തോട് ചേര്‍ന്നുള്ള വിശാലമായ സ്ഥലത്താണ് സ്റ്റേഡിയം നിലകൊള്ളുന്നത്. നൂറുകണക്കിന് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.