Saudi Arabia
റമസാന്‍ മുന്നൊരുക്കം; മസ്ജിദുന്നബവിയില്‍ വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മദീന | റമസാന്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഹറം കാര്യ മന്ത്രാലയം അറിയിച്ചു. പ്രവാചക നഗരിയിലേക്കുള്ള വിശ്വാസികളുടെ തിരക്ക് വര്‍ധിക്കുന്നതോടെ റമസാനില്‍ റൗളാ ശരീഫ് സിയാറത്തിനുള്ള പെര്‍മിറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി. റമസാന്‍ ഒന്ന് മുതല്‍ 20 വരെ പ്രതിദിനം 16,980 പെര്‍മിറ്റുകളും അവസാന 10 ദിവസങ്ങളില്‍ 11,095 പേര്‍ക്കുമായിരിക്കും അനുമതി നല്‍കുക.
പുരുഷന്മാര്‍ക്ക് റൗളാ സിയാറയിലേക്കുള്ള പ്രവേശനം ഗേറ്റ് ഒന്ന് (ബാബു സലാം) വഴിയായിരിക്കും. സ്ത്രീകള്‍ക്ക് ഗേറ്റ് 24 ലൂടെ റൗളയില്‍ പ്രവേശനം നല്‍കും. ഗേറ്റ് 24, 37 എന്നിവയിലൂടെ പുറത്തുകടക്കുകയും ചെയ്യാം. ഇവര്‍ ഇഹ്ത്തമര്‍നാ ആപ്പ് വഴി അനുമതി ലഭിച്ചവരായിരിക്കണം.
തറാവീഹ് -വിത്ര്‍, തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്ക് ഈ വര്‍ഷം മസ്ജിദു നബവിയില്‍ ഷെയ്ഖ് അഹമ്മദ് താലിബ് ഹമീദ്, ഷെയ്ഖ് അബ്ദുല്‍ മൊഹ്സിന്‍ അല്‍ ഖാസിം, ഷെയ്ഖ് സലാഹ് അല്‍ ബുദൈര്‍, ഷെയ്ഖ് അഹ്‌മദ് അല്‍ ഹുദൈഫി,ഷെയ്ഖ് അബ്ദുല്ല ബുഅയ്ജാന്‍,ഷെയ്ഖ് ഖാലിദ് മുഹന്ന തുടങ്ങിയ ആറ് ഇമാമുമാരായിരിക്കും നേതൃത്വം നല്‍കുയെന്ന് ഹറം കാര്യാലയം പറഞ്ഞു, റമസാന്‍ അവസാന പത്ത് മുതലായിരിക്കും തഹജ്ജുദ് നിസ്‌കാരങ്ങള്‍ ആരംഭിക്കുക