Connect with us

From the print

വിരുന്നൊരുക്കി 'കുഞ്ഞന്‍ അമ്പിളി'; നവംബര്‍ അവസാനം വരെ മിനി മൂണ്‍ പ്രതിഭാസം

നവംബര്‍ 25 വരെ ചന്ദ്രനെ പോലെ തന്നെ മിനി മൂണും ഭൂമിയെ വലം വെക്കും.

Published

|

Last Updated

ബെംഗളൂരു | ഭൂമിക്ക് അതിവിശിഷ്ട വിരുന്നൊരുക്കി ആകാശത്ത് ‘കുഞ്ഞന്‍ അമ്പിളി’. ചന്ദ്രന് കൂട്ടായി 2024 പി ടി 5 എന്ന ഛിന്നഗ്രഹമായ ‘മിനി മൂണ്‍’ നവംബര്‍ അവസാനം വരെ ആകാശത്തുണ്ടാകും. നവംബര്‍ 25 വരെ ചന്ദ്രനെ പോലെ തന്നെ മിനി മൂണും ഭൂമിയെ വലം വെക്കും. കഴിഞ്ഞ ദിവസമാണ് മിനി മൂണ്‍ ദൃശ്യമായത്. മണിക്കൂറില്‍ 3,540 കിലോമീറ്റര്‍ വേഗത്തിലാണ് ഭൂമിയെ ചുറ്റുന്നത്. അടുത്ത 54 ദിവസം ഭൂമിയെ ചുറ്റുന്ന പ്രതിഭാസം പിന്നീട് വഴിമാറി സഞ്ചരിക്കും.

അര്‍ജുന എന്ന ഛിന്നഗ്രഹ കൂട്ടത്തിന്റെ ഭാഗമാണ് മിനിമൂണ്‍. പത്ത് മീറ്ററാണ് ഇതിന്റെ വ്യാസം. ചന്ദ്രന്റെ 350,000ത്തില്‍ ഒരംശം മാത്രമാണിത്. ചന്ദ്രന് 3,476 കിലോമീറ്റര്‍ വ്യാസമുണ്ട്.

ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ അകപ്പെടാതെ തെന്നിമാറിപ്പോവുകയോ ആകര്‍ഷണ വലയത്തില്‍ അകപ്പെട്ട് അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിയമരുകയോ ചെയ്യാറാണ് പതിവ്. നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാനാകാത്ത മിനി മൂണിനെ 30 ഇഞ്ച് ടെലിസ്‌കോപ്പിലൂടെ ആസ്വദിക്കാനാകും. നാസ പദ്ധതിയായ ആസ്റ്ററോയിഡ് ടെറസ്ട്രിയല്‍- ഇംപാക്റ്റ് ലാസ്റ്റ് അലേര്‍ട്ട് സിസ്റ്റം (അറ്റ്ലസ്) ആഗസ്റ്റ് എഴിനാണ് 2024 പി ടി 5 ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.

അതേസമയം, ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തേക്കാള്‍ പത്ത് മടങ്ങ് അകലത്തിലാണ് മിനി മൂണ്‍ ഭ്രമണം ചെയ്യുന്നതെന്നതിനാല്‍ ഇത് ഭൂമിക്ക് ഭീഷണിയാകില്ല. 2013ല്‍ ഭൂമിക്ക് സമീപം കടന്നുപോയ ഒരു ഛിന്നഗ്രഹം പൊട്ടിത്തെറിച്ച് റഷ്യയില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.

 

Latest