Connect with us

Kerala

"അമ്മ'യിലും പടയൊരുക്കം

അടിയന്തര യോഗം നാളെ • തിരുത്തലിന് നിര്‍ദേശമുയരും

Published

|

Last Updated

കൊച്ചി | ഭാരവാഹിയുൾപ്പെടെ പലര്‍ക്കുമെതിരെ തുടരെത്തുടരെ ലൈംഗികാരോപണങ്ങളുയരുന്ന സാഹചര്യത്തില്‍ നടീനടന്മാരുടെ സംഘടനയായ അമ്മയിലും സമഗ്രമായ തിരുത്തല്‍ നടപടിക്ക് മുറവിളി. ജനറല്‍ സെക്രട്ടറി സിദ്ദീഖ് രാജിെവച്ചതിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത് “ശുദ്ധികലശം’ വേണമെന്ന ആവശ്യവുമായി സംഘടനക്കുള്ളില്‍ പടയൊരുക്കം തുടങ്ങി.

ഹേമ കമ്മിറ്റി റിപോര്‍ട്ട് വന്നതോടെയുള്ള അഗ്നിശുദ്ധിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന വിലയിരുത്തലുമായി അംഗങ്ങള്‍ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനയിലെ ആര്‍ക്കെങ്കിലുമെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയാല്‍ ഒപ്പമുണ്ടാകില്ലെന്ന മുന്നറിയിപ്പും ഉയര്‍ന്നുകഴിഞ്ഞു. ആരോപണ വിധേയര്‍ ആരായാലും അധികാര സ്ഥാനത്ത് ഉണ്ടാകില്ലെന്ന് അമ്മയുടെ വൈസ് പ്രസിഡന്റായ ജഗദീഷ് പറഞ്ഞു. പരാതിയുമായി ഒരാള്‍ വന്നാല്‍ അതിന് ഒരു പരിഹാരം കാണാന്‍ ഭാരവാഹികള്‍ക്ക് കഴിയണമെന്നും അല്ലെങ്കില്‍ അംഗങ്ങളോട് ചെയ്യുന്ന തെറ്റായി അത് മാറുമെന്നും സഹഭാരവാഹിയായ ജയന്‍ ചേര്‍ത്തലയും ചൂണ്ടിക്കാട്ടി. നമ്മളറിയാത്ത പല വേദനിപ്പിക്കുന്ന അനുഭവങ്ങളും പെണ്‍കുട്ടികള്‍ അമ്മ എന്ന സംഘടനയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും അവിടെ നിന്ന് പരിഹാരമാകാതെ അവര്‍ സര്‍ക്കാറിന് മുന്നിലെത്തുകയായിരുന്നുവെന്ന് നടന്‍ അനൂപ് ചന്ദ്രനും പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപോര്‍ട്ടിലെ ആരോപണങ്ങളില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് നടി ഉര്‍വശിയും സിനിമക്കുള്ളില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നതിന് സ്ഥിരീകരണവുമായി മുന്‍ ഭാരവാഹികളിലൊരാളായ ശ്വേതാ മേനോനും കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. അതിനിടെ, ജനറല്‍ സെക്രട്ടറി സിദ്ദീഖിനെതിരെ തെളിവുകള്‍ കൈയിലുണ്ടെന്ന ആരോപണവുമായി യുവനടി ഇന്നലെ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. നടി പരാതി നല്‍കിയാല്‍ സിദ്ദീഖിനെതിരെ പോലീസ് കേസെടുക്കുമെന്നാണ് സൂചന. അതോടൊപ്പം മറ്റു ചില നടന്മാര്‍ക്കെതിരെയും പീഡനാരോപണങ്ങളുമായി ചിലര്‍ രംഗത്തെത്തിയതും “അമ്മ’യെ ആശങ്കപ്പെടുത്തുന്നുണ്ട്.
പൊതുജനം ഹേമ കമ്മിറ്റി റിപോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇങ്ങനെ ഒരു റിപോര്‍ട്ട് വരുമ്പോള്‍ സത്യാവസ്ഥകള്‍ ജനങ്ങളോട് പറയണമെന്നും ഏത് ഉന്നതന്‍ ആയാലും തെറ്റുകാരനാണെന്ന് കണ്ടാല്‍ ഒഴിവാക്കണമെന്നുമാണ് സംഘടനക്കുള്ളില്‍ പൊതുവായുയരുന്ന അഭിപ്രായം.അതുകൊണ്ട് തന്നെ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് ആവശ്യമെങ്കില്‍ സംഘടനയില്‍ സമഗ്ര തിരുത്തലുകള്‍ വേണമെന്നും ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നുണ്ട്.അതല്ലെങ്കില്‍ വരും ദിവസങ്ങളില്‍ പരസ്യ പ്രതികരണവുമായി സംഘടനയിലെ അംഗങ്ങളായ ചില നടന്മാര്‍ തന്നെ രംഗത്തെത്തുമെന്നും സൂചനയുണ്ട്.

സിദ്ദീഖിന്റെ രാജിയുടെ പശ്ചാത്തലത്തില്‍ അമ്മ അവൈലബിള്‍ എക്സിക്യൂട്ടീവ് നാളെ ചേര്‍ന്നേക്കും. പകരം ചുമതല അടക്കമുള്ള കാര്യങ്ങളും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഇനി ഉയര്‍ന്നാല്‍ ഏത് രീതിയില്‍ അത് കൈകാര്യം ചെയ്യണമെന്ന കാര്യങ്ങളുമടക്കം യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest