Uae
ദുബൈയില്‍ വരും ദിവസങ്ങളില്‍ നിര്‍മിത ബുദ്ധി നേട്ടങ്ങളുടെ അവതരണങ്ങള്‍
എ ഐ വാരത്തിന്റെ ഭാഗമായി ഏപ്രില്‍ 23 മുതല്‍ 24 വരെ 'മെഷീന്‍സ് കാന്‍ സീ' ഉച്ചകോടിയാണ് മുഖ്യം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്പ്യൂട്ടര്‍ വിഷന്‍ വിദഗ്ധര്‍ പങ്കെടുക്കും.

ദുബൈ | ദുബൈയില്‍ വരും ദിവസങ്ങളില്‍ നിര്‍മിത ബുദ്ധി നേട്ടങ്ങളുടെ അവതരണങ്ങളും വിലയിരുത്തലുകളും നടക്കും. എ ഐ വാരത്തിന്റെ ഭാഗമായി ഏപ്രില്‍ 23 മുതല്‍ 24 വരെ ‘മെഷീന്‍സ് കാന്‍ സീ’ ഉച്ചകോടിയാണ് മുഖ്യം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്പ്യൂട്ടര്‍ വിഷന്‍ വിദഗ്ധര്‍ പങ്കെടുക്കും. എമിറേറ്റ്സ് ടവേഴ്‌സ് & മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലാണ് ഉച്ചകോടി.
1,200 സന്ദര്‍ശകരും 850 വിദഗ്ധരും എത്തും.
യു എ ഇ ഓഫീസ് ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കണോമി ആന്‍ഡ് റിമോട്ട് വര്‍ക്ക്, ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ച് പോളിനോം ഇവന്റ്‌സ് ആണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. പ്രമുഖ എ ഐ എക്സിക്യൂട്ടീവുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമിക് ഗവേഷകര്‍ പങ്കെടുക്കും. സുരക്ഷിതവും സുസ്ഥിരവുമായ ഒരു ലോകം സൃഷ്ടിക്കാന്‍ നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തുക എന്ന നിര്‍ണായക ദൗത്യത്തിലാണ് സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഡിജിറ്റല്‍ ദുബൈ, ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍, മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എസ് എ പി, യാംഗോ ഗ്രൂപ്പ്, അഡിയ ലാബ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന പങ്കാളികള്‍ പരിപാടിയെ പിന്തുണയ്ക്കുന്നു. റോബോട്ടിക്സ്, ഏജന്റിക് എ ഐ, വലിയ ഭാഷാ മോഡലുകളുടെ സുരക്ഷ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, ഗവേഷകര്‍ എന്നിവരെ ഉച്ചകോടിയില്‍ ഒരുമിച്ച് കൊണ്ടുവരുമെന്ന് സംഘാടകര്‍ അറിയിച്ചു. യു എ ഇ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കണോമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷനുകള്‍ എന്നിവയുടെ സഹമന്ത്രി ഉമര്‍ സുല്‍ത്താന്‍ അല്‍ ഉലമ, ഡിജിറ്റല്‍ ദുബൈ ഡയറക്ടര്‍ ജനറല്‍ ഹമദ് ഉബൈദ് അല്‍ മന്‍സൂരി പങ്കെടുക്കും. മന്ത്രിതല സെഷനില്‍ കസാഖിസ്ഥാന്റെ ഡിജിറ്റല്‍ വികസനം, ഇന്നോവേഷന്‍, എയ്‌റോസ്‌പേസ് വ്യവസായ മന്ത്രി ഷാസ്ലാന്‍ മദിയേവ്, മലേഷ്യയുടെ ഡിജിറ്റല്‍ പാനല്‍ മന്ത്രി ഗോബിന്ദ് സിംഗ് ഡിയോ സംബന്ധിക്കും.
യാംഗോ ഗ്രൂപ്പ് അവരുടെ അറബിക് വോയ്‌സ് അസിസ്റ്റന്റ് യാസ്മിന, ഓട്ടോണമസ് ഡെലിവറി റോബോട്ടുകള്‍, വെയര്‍ഹൗസ് ഓട്ടോമേഷന്‍ ഉപകരണങ്ങള്‍ അവതരിപ്പിക്കും. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദിന്റെ രക്ഷാകര്‍തൃത്വത്തില്‍ ആരംഭിച്ച ദുബൈ എ ഐ വീക്കിന്റെ ഒരു പ്രധാന ഭാഗമാണ് മെഷീന്‍സ് കാന്‍ സീ സമ്മിറ്റ്. ദുബൈ എ ഐ ഫെസ്റ്റിവല്‍ മദീനത്ത് ജുമൈറയിലാണ്. ദുബൈ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററുമായി സഹകരിച്ച് ദുബൈ എ ഐ കാമ്പസ് സംഘടിപ്പിക്കുന്ന ഈ ആഗോള എ ഐ ബിസിനസ് ഫെസ്റ്റിവല്‍ 100 രാജ്യങ്ങളില്‍ നിന്നുള്ള 5,000 ബിസിനസ്സ് നേതാക്കളെയും 500 നിക്ഷേപകരെയും 100 പ്രദര്‍ശകരെയും ആകര്‍ഷിക്കും.