Kerala
മലബാറിലെ പൗരാണിക കയ്യെഴുത്ത് കൃതികളുടെ സംരക്ഷണം; അമേരിക്കയിലെ ഹില്‍ മ്യൂസിയവും മലൈബാര്‍ ഫൗണ്ടേഷനും കൈകോര്‍ക്കുന്നു
മര്‍കസില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങില്‍ ഹില്‍ മ്യൂസിയത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. കോളുമ്പ സ്റ്റുവര്‍ട്ടും ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരിയും പ്രാഥമിക കരാറില്‍ ഒപ്പുവെച്ചു
കോഴിക്കോട് | മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള പൗരാണിക കയ്യെഴുത്ത് കൃതികളുടെ സംരക്ഷണത്തിന് പുതിയ പദ്ധതികള്‍ വരുന്നു. ലോക പ്രസിദ്ധമായ അമേരിക്കയിലെ ഹില്‍ മ്യൂസിയം ആന്‍ഡ് മാനുസ്‌ക്രിപ്ട് ലൈബ്രറിയും മര്‍കസ് നോളജ് സിറ്റി കേന്ദ്രം ആയുള്ള മലൈബാര്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റും ആണ് കൈകോര്‍ത്ത് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. അമേരിക്കയിലെ സൈന്റ്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്റ്, റോഷന്‍ ഇന്സ്ടിട്യൂറ്റ് ഫോര്‍ പേര്‍ഷ്യന്‍ സ്റ്റഡീസ്, എന്നിവരോടൊപ്പം ജാമിഅഃ മര്‍കസും ഈ സംയുക്ത പദ്ധതിയുടെ പങ്കാളികളാണ്.
കഴിഞ്ഞ ദിവസം മര്‍കസില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങില്‍ ഹില്‍ മ്യൂസിയത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. കോളുമ്പ സ്റ്റുവര്‍ട്ടും ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരിയും പ്രാഥമിക കരാറില്‍ ഒപ്പുവെച്ചു. ഹില്‍ മ്യൂസിയത്തിന്റെ ഫീല്‍ഡ് ഡയറക്ടര്‍ വലീദ് നബീഹ് മുറാദ്, ഇന്ത്യന്‍ ഫീല്‍ഡ് മാനേജര്‍ റോഹന്‍ ചൗഹാന്‍ എന്നിവരും സംബന്ധിച്ചു. പദ്ധതിയുടെ വിശദമായ രൂപരേഖ അടുത്ത മാസങ്ങളില്‍ തന്നെ പ്രഖാപിക്കും എന്ന് ഇരുകൂട്ടരും അറിയിച്ചു