Uae
പ്രസിഡന്റും വൈസ് പ്രസിഡന്റും ഐഡെക്‌സ് സന്ദർശിച്ചു
ഐഡെക്‌സിൽ പങ്കെടുക്കുന്ന അന്താരാഷ്ട്ര അതിഥികളെ അവർ സ്വാഗതം ചെയ്തു.

അബൂദബി| പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമും പതിനേഴാമത് അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം സന്ദർശിച്ചു. അബൂദബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന പ്രദർശനത്തിൽ ഇരുവരും നിരവധി ദേശീയ, അന്തർദേശീയ കമ്പനികളുടെ പവലിയനുകളും സ്റ്റാൻഡുകളും സന്ദർശിച്ചു.
പ്രതിരോധ വ്യവസായത്തിലെ ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടുത്തങ്ങളും നൂതന സംവിധാനങ്ങളും പര്യവേക്ഷണം ചെയ്യുകയും മേഖലയിലെ സമീപകാല വികസനങ്ങളെക്കുറിച്ച് പ്രദർശകരുമായി ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തു. ഐഡെക്‌സിൽ പങ്കെടുക്കുന്ന അന്താരാഷ്ട്ര അതിഥികളെ അവർ സ്വാഗതം ചെയ്തു.
രാജ്യത്തിന്റെ സമഗ്ര വികസന ദർശനത്തിലും വിജ്ഞാനാധിഷ്ഠിതവും വൈവിധ്യപൂർണവുമായ സമ്പദ്്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലും യു എ ഇയുടെ പ്രതിരോധ വ്യവസായം സമീപ വർഷങ്ങളിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. “എന്റെ സഹോദരനും പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാന്റെ ദർശനത്താൽ നയിക്കപ്പെടുന്ന നമ്മുടെ രാഷ്ട്രം അതിന്റെ സുവർണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നേട്ടങ്ങൾ സംരക്ഷിക്കുക, സമ്പദ്്വ്യവസ്ഥയെ ശക്തിപ്പെടുത്തുക, നൂതന സാങ്കേതിക മേഖലകളിൽ അറിവിന്റെ സമ്പത്ത് ഉറപ്പിക്കുക എന്നിവയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു.