Connect with us

Malappuram

മുസ്‌ലിം  ലീഗ് അധ്യക്ഷൻ: കൊടപ്പനക്കൽ തറവാട്ടിൽ നിന്ന് നാലാമത്തെയാൾ

Published

|

Last Updated

മലപ്പുറം | പാണക്കാട് തങ്ങൾ കുടുംബം അലങ്കരിച്ചുവരുന്ന അധ്യക്ഷ സ്ഥാനം പതിവ് തെറ്റിക്കാതെ ഇത്തവണയും കൊടപ്പനക്കൽ തറവാട്ടിൽ തന്നെയെത്തി.സ്വാദിഖലി തങ്ങൾ മുസ്‌ലിം ലീഗിന്റെ അമരത്തെത്തുന്നത് തറവാട്ടിൽ നിന്നുള്ള നാലാമത്തെ അധ്യക്ഷനായി. തങ്ങൾ കുടുംബങ്ങളോടുള്ള ആദരവ് പാർട്ടി ശക്തിക്ക് സഹായകമാണെന്ന് ആദ്യം തെളിഞ്ഞത് സയ്യിദ് അബ്ദുർറഹിമാൻ ബാഫഖി തങ്ങളിലൂടെയായിരുന്നു. ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റായിരുന്നു ബാഫഖി തങ്ങൾ. കെ എം സീതി സെക്രട്ടറിയും. കെ എം സീതിയാണ് തങ്ങളെ ലീഗ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. മക്കയിൽ വെച്ച് 1973ൽ ബാഫഖി തങ്ങൾ മരിച്ചതോടെ അധ്യക്ഷ സ്ഥാനം പാണക്കാട് പൂക്കോയ തങ്ങളിലെത്തി. അഥവാ അധ്യക്ഷ സ്ഥാനം കൊടപ്പനക്കൽ തറവാട്ടിലെത്തി. പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു അന്ന് പൂക്കോയ തങ്ങൾ. 1975ൽ പൂക്കോയ തങ്ങളുടെ വിയോഗത്തിന് ശേഷം സെപ്തംബർ ഒന്നിനാണ് മൂത്ത മകൻ മുഹമ്മദലി ശിഹാബ് തങ്ങളെ ന ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വരുന്നത്.

2009 ആഗസ്റ്റ് രണ്ട് വരെ 34 വർഷം അധ്യക്ഷ സ്ഥാനത്ത് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. 2009 ആഗസ്റ്റ് ഒന്നിനാണ് ശിഹാബ് തങ്ങളുടെ വിയോഗം. ആഗസ്റ്റ് രണ്ട് മുതലാണ് സഹോദരൻ ഹൈദരലി തങ്ങൾ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.
അസുഖബാധിതനായതിനെ തുടർന്ന് ഒരു വർഷം മുമ്പാണ് സഹോദരൻ സ്വാദിഖലി ശിഹാബ് തങ്ങളെ താത്കാലിക ചുമതല ഹൈദരലി തങ്ങൾ ഏൽപ്പിച്ചത്. ഹൈദരലി തങ്ങളുടെ മരണത്തോടെ ഇന്നലെ ചേർന്ന ലീഗ് ഉന്നതാധികാര സമിതി മലപ്പുറം ജില്ലാ പ്രസിഡന്റായ സ്വാദിഖലി തങ്ങളെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു.

മലപ്പുറം ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് മുഹമ്മദലി ശിഹാബ് തങ്ങളും ഹൈദരലി തങ്ങളും സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തുന്നത്. ഇതേ പാതയിൽ നിന്നു തന്നെയാണ് സ്വാദിഖലി തങ്ങളും ലീഗ് അമരത്തെത്തുന്നത്. സ്വാദിഖലി തങ്ങൾ സംസ്ഥാന പ്രസിഡന്റായതോടെ ജില്ലാ ലീഗിന് അധ്യക്ഷനില്ലാതായിരിക്കുകയാണ്. മുൻ രീതിവെച്ച് ഇളയെ സഹോദരൻ അബ്ബാസലി ശിഹാബ് തങ്ങൾ ജില്ലാ പ്രസിഡന്റാകണം. അബ്ബാസലി തങ്ങൾ നിലവിൽ മലപ്പുറം മണ്ഡലം പ്രസിഡന്റാണ്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങൾ ജില്ലയുടെ അമരത്ത് എത്തുമോ എന്നതും ചർച്ചയാണ്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പദവിയിൽ ഇരുന്നാണ് സ്വാദിഖലി തങ്ങൾ ജില്ലാ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഇതേ പാതയിലൂടെയാണ് കുടുംബ കാരണവരായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൻ മുനവ്വറലി തങ്ങളുടെ രാഷ്ട്രീയ ചുവടുവെപ്പ്. അടുത്ത ദിവസങ്ങളിലായി ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ജ്യേഷ്ഠ സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഹൈദരലി തങ്ങളും രാഷ്ട്രീയം പറയുന്നതിൽ വളരെ സംയമനം പാലിച്ചിരുന്നു. സ്വാദിഖലി തങ്ങൾ ശക്തമായ നിലപാടുകൾ എടുക്കുകുയും രാഷ്ട്രീയം വെട്ടിത്തുറന്ന് പറയുകയും ചെയ്യുന്ന വ്യക്തിയായാണ് വിലയിരുത്താറ്. നേരിട്ട് രാഷ്ട്രീയ നിലപാടുകൾ എടുക്കുന്നത് കൊണ്ട് തന്നെ സ്വാദിഖലി തങ്ങളുടെ പേര് പലപ്പോഴും വിവാദങ്ങളിൽ പരാമർശ വിധേയമാകാറുണ്ട്. എം എസ് എഫ്, ഹരിത വിവാദങ്ങൾ ഇതിന് ഉദാഹരണം. തദ്ദേശ സ്ഥാനാർഥി നിർണയത്തിലും പലരും പരിഭവമുന്നയിച്ചിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർഥം പാവപ്പെട്ടവർക്ക് നിർമിച്ച് നൽകുന്ന ബൈത്തുറഹ്്മ പദ്ധതിക്ക് രൂപം നൽകിയത് സ്വാദിഖലി തങ്ങൾ ആണ്. സ്തുത്യർഹ സാമൂഹിക സേവനങ്ങൾക്ക് അംബേദ്കർ അവാർഡും, രാജീവ് ഗാന്ധി പുരസ്‌കാരവും ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. കെനിയ, നൈജീരിയ, സ്പെയിൻ, ഉസ്ബൈകിസ്ഥാൻ, തുർക്കി, ഗ്രീസ്, ഫ്രാൻസ്, മുഴുവൻ ജി സി സി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് സ്വാദിഖലി തങ്ങൾ.

മർഹൂം മുഹമ്മദലി ശിഹാബ് തങ്ങൾ, മർഹൂം ഉമറലി ശിഹാബ് തങ്ങൾ, മർഹൂം ഹൈദരലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. സയ്യിദത്ത് സുൽഫത്ത് ആണ് ഭാര്യ. സയ്യിദ് അസീലലി ശിഹാബ് തങ്ങൾ, സയ്യിദ് ശഹീനലി ശിഹാബ് തങ്ങൾ, സയ്യിദ് യാമിനലി ശിഹാബ് തങ്ങൾ എന്നിവർ മക്കൾ.

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ

---- facebook comment plugin here -----

Latest