National
രാഷ്ട്രപതി ബംഗാളിലെ ബേലൂര്‍ മഠം സന്ദര്‍ശിച്ചു
സുഭാഷ് ചന്ദ്രബോസ് താമസിച്ചിരുന്ന നേതാജി ഭവനും ടാഗോര്‍ കുടുംബത്തിന്റെ വീടായ ജോറാസങ്കോയും സന്ദര്‍ശിച്ചു.
കൊല്‍ക്കത്ത| സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച രാമകൃഷ്ണ മിഷന്റെ ആഗോള ആസ്ഥാനമായ ബേലൂര്‍ മഠം രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്ദര്‍ശിച്ചു. മിഷന്‍ ജനറല്‍ സെക്രട്ടറി സ്വാമി സുവീരന്ദജി മഹാരാജ് എം എസ് മുര്‍മുവിനെ സ്വീകരിച്ചു. മഠം സമുച്ചയത്തിന്റെ ക്ഷേത്ര വാസ്തുവിദ്യ ഹിന്ദു, ഇസ്ലാമിക, ക്രിസ്ത്യന്‍, ബുദ്ധമത കലകളും രൂപങ്ങളും സമന്വയിപ്പിച്ചുകൊണ്ടാണ്.
മിക്ക ദിവസങ്ങളിലും രാജ്യത്തുനിന്നും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സന്ദര്‍ശകർ ഇവിടെയെത്താറുണ്ട്. രാഷ്ട്രപതിയുടെ സുരക്ഷ കണക്കിലെടുത്ത് സന്ദര്‍ശകര്‍ക്ക് ചൊവ്വാഴ്ച രാവിലെ 10 വരെ മഠത്തിൽ വിലക്കായിരുന്നു.
കവി രബീന്ദ്ര നാഥ ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വകലാശാലയുടെ വാര്‍ഷിക ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി പിന്നീട് ശാന്തിനികേതനിലേക്ക് പോകും. തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ എത്തിയ മുര്‍മു, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖം സുഭാഷ് ചന്ദ്രബോസ് താമസിച്ചിരുന്ന നേതാജി ഭവനും ടാഗോര്‍ കുടുംബത്തിന്റെ വീടായ ജോറാസങ്കോയും സന്ദര്‍ശിച്ചു.