Connect with us

Kerala

പ്രസിഡന്റ് മാറ്റം; കെ സുധാകരന് പിന്തുണയേറി, നീക്കം മരവിപ്പിക്കാന്‍ ശ്രമം

സംഘടനാ പരമായ പുനസ്സംഘടന മാത്രം നടത്താന്‍ ആലോചന

Published

|

Last Updated

തിരുവനന്തപുരം | കെ പി സി സി അധ്യക്ഷസ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റാനുള്ള നീക്കും നടക്കുകയും മാറ്റിയാല്‍ താന്‍ തന്റെ പണിക്കുപോവുമെന്ന കെ സുധാകരന്റെ പ്രതികരണവും അന്തരീക്ഷം കലുഷിതമാക്കിയിരിക്കെ കെ സുധാകരന് പിന്തുണയുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തുവന്നു.

സുധാകരനെ മാറ്റാനുള്ള വി ഡി സതീശന്‍ പക്ഷത്തിന്റെ നീക്കത്തിനു തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ഒരുവിഭാഗം രംഗത്തിറങ്ങിയത്. കെ സുധാകരന്‍ മാറേണ്ട ആവശ്യമില്ലെന്ന വര്‍ക്കിങ് കമ്മിറ്റിയംഗം ശശി തരൂരിന്റെ പ്രസ്താവനക്കു പിന്നാലെയാണ് കെ സുധാകരനെ പിന്തുണക്കുന്നവര്‍ സംഘടിക്കുന്നത്. പാര്‍ട്ടിയിലെ ഐക്യമില്ലായ്മയുടെ പേരിലോ പ്രവര്‍ത്തനത്തിലെ പോരായ്മയുടെ പേരിലോ കെ സുധാകരന്‍ മാറേണ്ടതില്ലെന്ന വാദം ആദ്യം ഉയര്‍ത്തിയത് ശശി തരൂരാണ്. കഴിഞ്ഞ മൂന്നര വര്‍ഷമായി സുധാകരന് കീഴില്‍ പാര്‍ട്ടി ശക്തമാണെന്ന വാദവുമായാണ് ഇവര്‍ ഒരുമിക്കുന്നത്. കെ പി സി സിയിലും ഡി സി സികളിലും അഴിച്ചുപണി നടക്കേണ്ടതിന് പകരം പാര്‍ട്ടി അധ്യക്ഷനെ തന്നെ മാറ്റുന്നത് ശരിയല്ലെന്നാണ് സുധാകരനെ അനുകൂലിക്കുന്നവരുടെ പക്ഷം.

ഹൈക്കമാന്റ് തീരുമാനിച്ചാല്‍ മാറാന്‍ തയ്യാറെന്ന് ആദ്യം പറഞ്ഞ സുധാകരന്‍ പ്രസിഡന്റ് പദവിയില്‍ തുടരാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്നും കൂടുതല്‍പ്പേര്‍ പിന്തുണയുമായി എത്തുമെന്നും പിന്നീട് തറപ്പിച്ചു. പാര്‍ട്ടിയില്‍ നിന്നു കിട്ടാനുള്ളതെല്ലാം കിട്ടിയെന്നും ഇനി ആഗ്രഹങ്ങളൊന്നും ബാക്കിയില്ലെന്നും പറഞ്ഞ കൂട്ടത്തിലാണ് പ്രസിഡന്റ് പദവി ഒഴിയാന്‍ പറഞ്ഞാല്‍ തന്റെ പണിക്കു പോവുമെന്നും അദ്ദേഹം പറഞ്ഞത്.

പിന്നാലെ കെ പി സി സി ഉപാധ്യക്ഷന്‍ വി ടി ബല്‍റാം സുധാകരനുള്ള പിന്തുണ പരസ്യമാക്കി. കെ സുധാകരന്‍ അധ്യക്ഷനായശേഷമുള്ള മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലെ മിന്നും ജയവും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെ മുന്നേറ്റവും അക്കമിട്ട് നിരത്തിയാണ് പിന്തുണ അറിയിച്ചത്. സംഘടനാതലത്തില്‍ താഴെതട്ടില്‍ വരെ പ്രവര്‍ത്തനം ശക്തമാക്കാനും പാര്‍ട്ടിയെ അര്‍ധ കേഡര്‍ പാര്‍ട്ടിയാക്കാനും കെ സുധാകരന്‍ നടത്തിയ ശ്രമങ്ങളെ അട്ടിമറിച്ചത് ആരാണെന്നചോദ്യവും സുധാകരനെ പിന്‍തുണക്കുന്നവര്‍ ഉയര്‍ത്തുന്നു. കെ പി സി സി തലപ്പത്ത് അഴിച്ചുപണിയെന്ന സൂചന വന്നപ്പോള്‍ തന്നെ സുധാകരനുള്ള പിന്തുണ രമേശ് ചെന്നിത്തലയും പരസ്യമാക്കിയിരുന്നു.

പരസ്യപ്രകടനത്തിന് ഇല്ലെങ്കിലും പ്രസിഡന്റ് മാറണമെന്ന ആവശ്യമായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്. സതീശനും സുധാകരനുംതമ്മിലുള്ള ശീത യുദ്ധം നേരത്തെ പല ഘട്ടങ്ങളില്‍ പരസ്യമായതാണ്. എന്നാല്‍ കഴിഞ്ഞദിവസം ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സുധാകരനുമായി ഐക്യത്തോടെയാണ് പോകുന്നതെന്ന് വി ഡി സതീശന്‍ നിലപാട് മയപ്പെടുത്തി. ഇതോടെ പ്രസിഡന്റ് മാറുകയാണെങ്കില്‍ പ്രതിപക്ഷനേതാവും മാറട്ടെയെന്ന ആവശ്യം സുധാകരപക്ഷവും തല്‍കാലം ഉപേക്ഷിച്ച മട്ടാണ്. കോണ്‍ഗ്രസിലെ സമീപകാലത്തെ വിന്നിങ് കോമ്പിനേഷനാണ് വിഡി സതീശനും കെ സുധാകരനുമെന്നാണ് നിലപാടിന് പിന്തുണ ഏറുകയാണെന്നാണ് വിവരം. കൂടുതല്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ വരുന്നതോടെ ദേശീയ നേതൃത്വത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാനാകമെന്നാണ് സുധാകരപക്ഷത്തിന്റെ പ്രതീക്ഷ. എന്നാല്‍ പുറത്തുനിന്നുള്ള തിരഞ്ഞെടുപ്പു തന്ത്രജ്ഞരുടെ നിര്‍ദ്ദേശങ്ങള്‍ക്കു പാര്‍ട്ടി വഴങ്ങേണ്ടിവരുമെന്നും കരുതുന്നു.

പ്രസിഡന്റിനെ മാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും സംഘടനാ പരമായ പുനസ്സംഘടന ഉറപ്പായിട്ടുണ്ട്. കെ പി സി സി രാഷ്ട്രീയകാര്യ സമിതി വെട്ടിച്ചുരുക്കും. അംഗങ്ങളുടെ എണ്ണം പത്തായി കുറയ്ക്കും. നിലവിലെ ജംബോ കമ്മിറ്റി ഒഴിവാക്കും. വര്‍ക്കിംഗ് പ്രസിഡനറ് പദവിയില്‍ അഴിച്ചുപണി വരുമെന്നും സൂചനയുണ്ട്.

കെ സുധാകരനെ മാറ്റിയാല്‍ പാര്‍ട്ടിയില്‍ ചേരിപ്പോര് രൂക്ഷമാകുമെന്ന സാഹചര്യം രൂപപ്പെട്ടതോടെ കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ട് തല്‍ക്കാലം പരിഗണിക്കേണ്ടെന്നും നേതൃമാറ്റത്തില്‍ ചര്‍ച്ച വേണ്ടെന്നുമുള്ള നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍ .പ്രസിഡന്റ് മാറുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ മുരളീധരനും വ്യക്തമാക്കി.പാര്‍ട്ടിയില്‍ ഒരു പ്രശ്‌നങ്ങളും ഇല്ലെന്നും എല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ മാത്രമെന്നും വി ഡി സതീശനും പറഞ്ഞു. പ്രസിഡന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രചരണം ഇപ്പോള്‍ എങ്ങനെ ഉണ്ടായി എന്ന് അറിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

 

 

Latest