From the print
പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വിധിയെഴുതി യു എസ് ജനത; ഫലം ഇന്നറിയാം
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും സ്വാധീനിക്കാനുമുള്ള റഷ്യൻ, ഇറാൻ ഇടപെടലുകളെ ജാഗ്രതയോടെ കാണണമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാഷിംഗ്ടൺ | ആവേശം നിറഞ്ഞ പ്രചാരണത്തിനൊടുവിൽ അമേരിക്കയുടെ 47ാമത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ജനം വിധിയെഴുതി. ന്യൂഹാംപ്‌ഷെയറിലെ ഡിക്‌സ്വിൽ നോച്ചിലെ വോട്ടർമാരാണ് ആദ്യം പോളിംഗ് ബൂത്തിലെത്തിയത്. പ്രാദേശിക സമയം ഇന്നലെ രാവിലെ ആറോടെയാണ് നിർണായകമായ വോട്ടെടുപ്പിലേക്ക് അമേരിക്ക കടന്നത്. കണക്ടിക്കട്ട്, ന്യൂജഴ്‌സി, ന്യൂയോർക്ക്, വിർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളും ഇതിന് പിന്നാലെ ബൂത്തിലെത്തി.
തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടലുകൾക്കെതിരെ യു എസ് ഇന്റലിജൻസ് ഏജൻസികളും ജാഗ്രതയിലാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും സ്വാധീനിക്കാനുമുള്ള റഷ്യൻ, ഇറാൻ ഇടപെടലുകളെ ജാഗ്രതയോടെ കാണണമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭാര്യ മെലാനിയക്കൊപ്പം ഫ്ലോറിഡയിലെ പാം ബീച്ചിലാണ് ട്രംപ് വോട്ട് ചെയ്തത്. ഇന്ത്യൻ സമയം ഇന്ന് രാവിലെ 7.30 ഓടെ വോട്ടെടുപ്പ് പൂർത്തിയാകും. ഇതിന് പിന്നാലെ എക്‌സിറ്റ് പോൾ ഫലം വരുന്നതോടെ വിജയിയെ അറിയാനാകും. ഔദ്യോഗിക ഫലപ്രഖ്യാപനം ജനുവരി ആറിനേ ഉണ്ടാകൂ.
ഡെമോക്രാറ്റിക് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും തമ്മിലാണ് മത്സരം. ട്രംപ് ജയിച്ചാൽ 127 വർഷത്തിനു ശേഷം തുടർച്ചയായല്ലാതെ വീണ്ടും യു എസ് പ്രസിഡന്റാകുന്ന വ്യക്തിയെന്ന നേട്ടം സ്വന്തമാകും. വിജയം കമലക്കൊപ്പമാണെങ്കിൽ യു എസ് പ്രസിഡന്റാകുന്ന ആദ്യ വനിത, ആദ്യ ഏഷ്യൻ- ആഫ്രിക്കൻ വംശജ എന്നിവ സ്വന്തം പേരിനൊപ്പം ചേർക്കാം.
17 കോടി വോട്ടർമാരിൽ 8.2 കോടി ആളുകൾ “മുൻകൂർ വോട്ട്’ സൗകര്യം ഉപയോഗപ്പെടുത്തി സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട്. ഒരു പാർട്ടിക്കും സമ്പൂർണ ആധിപത്യമില്ലാത്ത സ്വിംഗ് സ്റ്റേറ്റുകളായിരിക്കും യഥാർഥത്തിൽ വിധിയെഴുതുക. നെവാഡ, നോർത്ത് കരോലിന, വിസ്‌കോൻസിൻ, ജോർജിയ, പെൻസിൽവാനിയ, മിഷിഗൺ, അരിസോണ എന്നീ ഏഴ് സംസ്ഥാനങ്ങളാണ് സ്വിംഗ് സ്റ്റേറ്റുകളിൽ പ്രധാനം. ജനകീയ വോട്ടെടുപ്പുണ്ടെങ്കിലും ഇലക്ടറൽ കോളജ് ആണ് അന്തിമ വിജയിയെ തീരുമാനിക്കുന്നത്. ആകെയുള്ള 538 ഇലക്ടറൽ വോട്ടുകളിൽ 270 എണ്ണം നേടുന്നവർക്കാകും വിജയം.