Haritha Issue
മുസ്‍ലിം ലീഗ് നിലപാടിനെ വിമര്‍ശിച്ച് പത്രസമ്മേളനം; ഫാത്തിമ തഹ്ലിയക്ക് എതിരെ നടപടിക്ക് നീക്കം
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെയും നടപടിയുണ്ടാകും.
കോഴിക്കോട് | മുസ്‍ലിം ലീഗിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ച ഹരിത വിവാദത്തില്‍ പാര്‍ട്ടി നിലപാടിനെ വിമര്‍ശിച്ച് പരസ്യമായി പത്രസമ്മേളനം നടത്തിയ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്ക് എതിരെ നടപടിക്ക് നീക്കം. ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളായ പത്ത് പെണ്‍കുട്ടികളുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെയും നടപടിയുണ്ടാകും. ഇതോടൊപ്പമാണ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് കാണിച്ച് ഫാത്തിമ തഹ്ലിയക്ക് എതിരെ കൂടി നടപടിയെടുക്കുക എന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
ഹരിത നേതാക്കളുടെ പരാതിയില്‍ ആരോപിതര്‍ക്ക് എതിരെ നടപടി എടുക്കുന്നതിന് പകരം ആരോപണം ഉന്നയിച്ചവര്‍ക്ക് എതിരെ നടപടിയെടുത്ത പാര്‍ട്ടി നിലപാടിലെ നീതികേട് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം തഹ്ലിയ കോഴിക്കോട്ട് വാര്‍ത്താസമ്മേളനം നടത്തിയത്. ഹരിതയോട് വിശദീകരണം ചോദിക്കാതെയാണ് പാര്‍ട്ടി നടപടി എടുത്തതെന്നും എന്നാല്‍ ലൈംഗിക അധിക്ഷേപം നടത്തിയവരോട് വിശദീകരണം ചോദിച്ചുവെന്നും തഹ്ലിയ ചൂണ്ടിക്കാണിച്ചിരുന്നു. പാര്‍ട്ടിയില്‍ സ്ത്രീകളുടെ ശബ്ദം അടിച്ചമര്‍ത്താനാണ് ശ്രമമെന്നും മുന്‍ ഹരിത സംസ്ഥാന നേതാവ് കൂടിയായ അവര്‍ ചൂണ്ടിക്കാട്ടി.
തഹ്ലിയയുടെ വാര്‍ത്താസമ്മേളനം പാര്‍ട്ടിയെ വലിയ തോതില്‍ പ്രതിരോധത്തിലാക്കിയിരുന്നു. പാര്‍ട്ടിയില്‍ പരാതി ഉന്നയിച്ചിട്ടും പരിഹാരം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ ആരും പരസ്യ പ്രതികരണം നടത്തിയിരുന്നില്ല. ഇതിനിടയിലാണ് ഫാത്തിമ തഹ്ലിയ വാര്‍ത്താസമ്മേളനം വിളിച്ച് നിലപാട് പരസ്യമായി പ്രഖ്യാപിച്ചത്.
ലൈംഗികാധിക്ഷേപ പരാതിയില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കുന്നതിന് പകരം പരാതി ഉന്നയിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ച മുസ്‍ലിം ലീഗിന്റെ നടപടി വന്‍ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ആരോപണവിധേയരായ പി കെ നവാസിനോട് വിശദീകരണം ചോദിക്കുക മാത്രം ചെയ്ത പാര്‍ട്ടി, ഹരിതയെ മരവിപ്പിക്കുന്ന കടുത്ത നടപടിയാണ് സ്വീകരിച്ചത്. ഇതോടെയാണ് അതുവരെ പരസ്യപ്രതികരണം നടത്താതിരുന്ന ഹരിത നേതാക്കള്‍ മാധ്യമങ്ങളില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന സാഹചര്യമുണ്ടായത്.
വിഷയം വിവാദമായ സാഹചര്യത്തില്‍ പി കെ നവാസിനെതിരെ കൂടി നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ആ കൂട്ടത്തില്‍ ഫാത്തിമ തഹ്ലിയക്ക് എതിരെ കൂടി നടപടി എടുത്ത് കടുത്ത താക്കീത് നല്‍കുകയാണ് ലക്ഷ്യം.