Kerala
വിലക്ക് ലംഘിച്ച് വാര്‍ത്താ സമ്മേളനം; പി വി അന്‍വറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

തൃശൂര്‍ | പോലീസ് വിലക്ക് ലംഘിച്ച് ചേലക്കരയില്‍ വാര്‍ത്താസമ്മേളനം നടത്തിയ പിവി അന്‍വറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഢ്യനാണ് റിട്ടേണിങ് ഓഫിസര്‍ക്ക് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ വാര്‍ത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നല്‍കിയിട്ടും നിര്‍ദ്ദേശം ലംഘിച്ച് പിവി അന്‍വര്‍ വാര്‍ത്ത സമ്മേളനം നടത്തിയെന്നാണ് കണ്ടെത്തല്‍.
വാര്‍ത്താ സമ്മേളനം തുടരുന്നതിനിടെ നിര്‍ത്താന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെങ്കിലും അന്‍വര്‍ കൂട്ടാക്കിയില്ല. ഉദ്യോഗസ്ഥരോട് അന്‍വര്‍ തര്‍ക്കിക്കുകയായിരുന്നു. തുടര്‍ന്ന് അന്‍വറിന് നോട്ടീസ് നല്‍കിയ ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്ന് പി വി അൻവർ ആരോപിച്ചിരുന്നു. എന്തിനാണ് പിണറായി ഭയക്കുന്നതെന്ന് അൻവർ വാർത്താസമ്മേളനത്തിൽ ചോദിച്ചു. ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല. കോൺഗ്രസിൽ നിന്ന് വന്ന ഏതോ ഒരു അലവലാതിയുമായി എന്തിനാണ് ഏറ്റുമുട്ടാൻ നിൽക്കുന്നത്. ചെറുതുരുത്തിയിൽ നിന്ന് കിട്ടിയ പണം ആരുടേതാണ്? ആർക്കായിരുന്നു അവിടെ ചുമതല? മരുമോനായിരുന്നില്ലേ ചുമതല? കോളനികളിൽ ഇടതുമുന്നണി പണം വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നൽകുന്നു. കവറിൽ പണം കൂടി വെച്ചാണ് കോളനികളിൽ സ്ലിപ് നൽകുന്നത്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് എൽഡിഎഫെന്നും അൻവർ ആരോപിച്ചു.