Connect with us

waqf board appointment

ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഒരു വിഭാഗം മുസ്ലിം സംഘടനകളുടെ വാർത്താ സമ്മേളനം

യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ഫസല്‍ ഗഫൂര്‍; പ്രക്ഷോഭത്തില്‍ കഴമ്പില്ലെന്ന്

Published

|

Last Updated

കോഴിക്കോട് | വഖ്ഫ് സ്വത്തുക്കള്‍ ദൈവത്തിന്റേതാണെന്നും അത് കൈകാര്യം ചെയ്യുന്നവര്‍ മതബോധമുള്ളവരാകണമെന്നും ആവര്‍ത്തിച്ച ലീഗ് നേതാക്കള്‍ പി എസ് സി മുഖേനെ വഖ്ഫ് ബോര്‍ഡില്‍ നിയമിക്കപ്പെടുന്ന മുസ്‌ലിം സമുദായത്തിലുള്ളവര്‍ മതബോധമില്ലാത്തവരാകുമെന്ന് എന്തുകൊണ്ട് പറയുന്നുവെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മുസ്‌ലിം സംഘടനകളെ അണിനിരത്തി കോഴിക്കോട്ട് സംഘടിപ്പിച്ച യോഗത്തിന് ശേഷമാണ് ലീഗ് നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്.

നിലവില്‍ വഖ്ഫ്‌ബോര്‍ഡില്‍ ഇസ്‌ലാം മത വിശ്വാസികളല്ലാത്ത ജീവനക്കാര്‍ ഉണ്ടല്ലോയെന്ന ചോദ്യത്തോട് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നായിരുന്നു മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

നിലവില്‍ വഖ്ഫ്‌ബോര്‍ഡിന്റെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പരാതികള്‍ നിലനില്‍ക്കുന്ന സാഹചര്യമുണ്ടല്ലോയെന്ന ചോദ്യത്തിനും നേതാക്കള്‍ക്ക് മറുപടി ഉണ്ടായില്ല.
വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി അധ്യക്ഷത വഹിച്ച സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌കരിക്കും.

വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നത് സെന്‍ട്രല്‍ വഖ്ഫ് ആക്ടിന് എതിരാണ്. അതുകൊണ്ട് തന്നെ തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, മുന്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ മോയിന്‍കുട്ടി മാസ്റ്റര്‍, എം സി മായിന്‍ ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍, മുജാഹിദ് നേതാവ് ഡോ. ഹുസൈന്‍ മടവൂര്‍, ജമാഅത്തെ ഇസ്‌ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങിയവര്‍ പങ്കെടുത്തു.

യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ഫസല്‍ ഗഫൂര്‍; പ്രക്ഷോഭത്തില്‍ കഴമ്പില്ലെന്ന്

കോഴിക്കോട് | വഖ്ഫ്‌ബോര്‍ഡ് പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് വിളിച്ചു ചേര്‍ത്ത സംഘടനകളുടെ യോഗത്തില്‍ ഡോ. ഫസല്‍ഗഫൂറിന്റെ നേതൃത്വത്തിലുള്ള എം ഇ എസ് പങ്കെടുത്തില്ല. പ്രശ്‌നത്തില്‍ പ്രക്ഷോഭം കൊണ്ട് ഫലമില്ലെന്ന നിലപാടാണെന്ന് എം ഇ എസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍ സിറാജിനോട് പറഞ്ഞു.

മുസ്‌ലിം സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതിന് പകരം കോടതിയെ സമീപിക്കുകയാണ് വേണ്ടത്. കോടതി മുഖേനെ നിയമനത്തിന് സ്വതന്ത്ര റെഗുലേറ്ററി ബോഡിയെ നിശ്ചയിക്കുകയും നിയമനം പൂര്‍ണമായും മുസ്‌ലിം സമുദായത്തിനായിരിക്കുമെന്ന വ്യക്തത വരുത്തുകയും വേണമെന്ന് ഫസല്‍ഗഫൂര്‍ വ്യക്തമാക്കി.

Latest