Connect with us

National

കോച്ചിംഗ് സെന്ററുകളുടെ സമ്മർദം; രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർഥികളുടെ ആത്മഹത്യ വർധിക്കുന്നു; രണ്ടാഴ്ചക്കിടെ ജീവനൊടുക്കിയത് മൂന്ന് പേർ

അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ഥിയാണ് ഏറ്റവുമൊടുവില്‍ ആത്മഹത്യ ചെയ്തത്.

Published

|

Last Updated

കോട്ട | രാജസ്ഥാനിലെ കോട്ടയില്‍ സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം പെരുകുന്നു. അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ഥിയാണ് ഏറ്റവുമൊടുവില്‍ ആത്മഹത്യ ചെയ്തത്. നൂര്‍ മുഹമ്മദ് (27) നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ആത്മഹത്യ ചെയ്തെന്നു കരുതുന്ന വിദ്യാര്‍ഥിയെ വ്യാഴാഴ്ച വൈകിട്ടാണ് കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പുകളൊന്നും മൃതദേഹത്തിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയിട്ടില്ല. രണ്ടാഴ്ചക്കിടെ കോട്ടയില്‍ രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.

ഉത്തര്‍ പ്രദേശിലെ ഗോണ്ട സ്വദേശിയാണ് മരിച്ച നൂര്‍ മുഹമ്മദ്. ചെന്നൈയിലെ എസ് ആര്‍ എം യൂണിവേഴ്‌സിറ്റിയിലെ ബി.ടെക് വിദ്യാര്‍ഥിയാണ്. രാജസ്ഥാനിലെ കോട്ടയില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. 2016 മുതല്‍ 2019 വരെ നൂര്‍ മുഹമ്മദ് കോട്ടയിലെ കോച്ചിങ് സെന്ററില്‍ എന്‍ട്രന്‍സ് എക്‌സാമിന് വേണ്ടി പഠിച്ചിരുന്നതായി വിഗ്യാന്‍ നഗര്‍ ഡി എസ് പി ധര്‍മവീര്‍ സിങ്ങ് പറഞ്ഞു. പിന്നീട് എസ് ആര്‍ എം യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന ശേഷം കോട്ടയില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്റ് ചെയ്തതായും പോലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് റൂമിന്റെ പുറത്ത് ടിഫിന്‍ ബോക്‌സ് ഉപയോഗിക്കാത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് മെസ് ജീവനക്കാരന്‍ റൂം ഉടമയെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് പോലീസില്‍ വിവരമറിയിച്ചതെന്നും വിഗ്യാന്‍ നഗര്‍ ഡി എസ് പി ധര്‍മവീര്‍ സിങ്ങ് പറഞ്ഞു.

കോട്ടയിലെ പഠനസമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടുകയാണ്. ജനുവരി 29 ന് 18 വയസ്സുള്ള നിഹാരിക സിങ്ങ് എന്ന പെണ്‍കുട്ടിയും ജനുവരി 23 ന് 19 വയസ്സുള്ള മുഹമ്മദ് സൈദ് എന്ന വിദ്യാര്‍ഥിയും ആത്മഹത്യ ചെയ്തിരുന്നു. ജെ ഇ ഇ പരീക്ഷക്കു വേണ്ടി തയ്യാറെടുക്കുന്ന നിഹാരിക സിങ്ങ് രക്ഷിതാക്കളോട് സോറി പറഞ്ഞു കൊണ്ട് ആത്മഹത്യ കുറിപ്പ് എഴുതി വെച്ചിരുന്നു.

മെഡിക്കല്‍ നീറ്റ് എക്‌സാമിന് വേണ്ടി തയ്യാറെടുക്കാനായിരുന്നു ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നുള്ള മുഹമ്മദ് സൈദ് കോട്ടയിലെത്തിയത്. ഈ കേസില്‍ ആത്മഹത്യ കുറിപ്പ് ലഭിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മുഹമ്മദ് നൂറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. രക്ഷിതാക്കളെ വിവരമറിയിച്ചെന്നും അവര്‍ കോട്ടയിലേക്ക് എത്തുമെന്നും പോലീസ് അറിയിച്ചു.

Latest