ek samastha- cic controversy
ഹകീം ഫൈസിക്കെതിരായ നടപടി പിൻവലിക്കാൻ സമ്മർദം
ചർച്ചകൾ നടത്തുകയാണ് അഭികാമ്യമെന്നും സി ഐ സി വ്യക്തമാക്കി.
കോഴിക്കോട് | കോ-ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ് (സി ഐ സി) ജനറൽ സെക്രട്ടറി ഹകീം ഫൈസി ആദൃശ്ശേരിക്കെതിരെയെടുത്ത നടപടി പിൻവലിക്കാൻ ഇ കെ സമസ്തക്കു മേൽ സമ്മർദം. വിഷയം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് സി ഐ സി യുടെ പ്രതീക്ഷ. പല തലത്തിൽ ചർച്ചകൾ നടക്കുന്നതായും അനുകൂലമെന്നോ പ്രതികൂലമെന്നോ പറയാവുന്നതിലല്ല, ചർച്ചകൾ നടത്തുകയാണ് അഭികാമ്യമെന്നും സി ഐ സി വ്യക്തമാക്കി.
ചർച്ചകൾ നടക്കുന്നതായി സൂചിപ്പിച്ച് സി ഐ സി ഇന്നലെ വാർത്താ കുറിപ്പ് ഇറക്കിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. സമസ്ത (ഇ കെ) മുശാവറയെടുത്ത തീരുമാനം പിൻവലിക്കുമെന്നാണ് പ്രതീക്ഷ. അതിനായി പ്രാർഥിക്കുന്നു. അനൈക്യം ഉമ്മത്തിന് ഗുണം ചെയ്യില്ലെന്നും അതിനാൽ സാമൂഹിക മാധ്യമങ്ങളിൽ സമസ്ത (ഇ കെ)യെയും സംവിധാനങ്ങളേയും അപകീർത്തിപ്പെടുത്തുന്നതും സത്യവിരുദ്ധവുമായ പ്രചാരണങ്ങളെ അപലപിക്കുന്നതായും അതിൽ നിന്ന് വിട്ടുനിൽക്കണമെന്നുമാണ് സി ഐ സി വാർത്താ കുറിപ്പിൽ ആവശ്യപ്പെടുന്നത്.
ഹകീം ഫൈസിക്കെതിരെയെടുത്ത നടപടിയെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നിരുന്നു. കാലിക വിഷയങ്ങളിൽ നിലപാട് പറയുന്നുവെന്ന പ്രമേയത്തിൽ ഇ കെ വിഭാഗം വിദ്യാർഥി സംഘടന ഈ മാസം 18ന് കോഴിക്കോട്ട് സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.