pegasusspyware
തടയാം, പെഗാസസ് ആക്രമണം
അന്തർദേശീയ തലത്തിൽ ഏറെ ചർച്ചയായ പെഗാസസ് ചാരവൃത്തി കേന്ദ്ര സർക്കാറിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. അതിനിടയിലാണ് പെഗാസസിന്റെ പ്രവർത്തനങ്ങൾ ഐ ഫോണിലൂടെ ട്രാക്ക് ചെയ്യാൻ സാധിക്കുമെന്ന വാർത്ത വന്നത്. ഐഫോണിൽ പെഗാസസിന്റെ സാന്നിധ്യം കണ്ടെത്താനുള്ള മാർഗമുണ്ടെന്ന പുതിയ വെളിപ്പെടുത്തലാണ് സമൂഹ മാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ചാര സോഫ്്റ്റ് വെയറായ പെഗാസസ് ലോകമെമ്പാടും ചർച്ചയാകുന്നതിനിടെയാണ് പ്രസ്തുത സോഫ്റ്റ് വെയറിന്റെ ആക്രമണം കണ്ടെത്താനുള്ള മാർഗമെത്തിയത്. ഉപഭോക്താക്കളറിയാതെ തങ്ങളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളിലൂടെ സ്വകാര്യതയെ മറികടന്ന് വിവരങ്ങൾ ചോർത്തുകയാണ് ഇസ്്റാറാഈലി എൻ എസ് ഒ ഗ്രൂപ്പ് സൃഷ്ട്ടിച്ച പെഗാസസ്. ലോകത്തെ തന്നെ പ്രമുഖരുടെ പലരുടെയും സ്വകാര്യ ഫോൺ വിവരങ്ങൾ അടക്കം ചോർത്തിയതായാണ് ആംനസ്റ്റി ഇന്റർനാഷനൽ ഈയിടെ പുറത്തുവിട്ടത്.
ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളും മാധ്യമ പ്രവർത്തകരും ജഡിജിമാരും ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ചോർത്തിയതായാണ് വിവരം. ഇതോടെ പലരും ഭീതിയിലുമാണ്. ഈ സാഹചര്യത്തിലാണ് ഐഫോണുകളിൽ ഇത്തരം സ്പൈവെയറുകളുടെ സാന്നിധ്യം കണ്ടെത്താമെന്നാണ് ഐമാസിംഗ് (iMazing) ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നത്. വിൻഡോസ്, മാക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഇത് പ്രവർത്തിക്കും. പെഗാസസ് പോലുള്ള സ്പൈവെയറുകളുടെ സാന്നിധ്യം കണ്ടെത്താനുള്ള സാങ്കേതിക വിദ്യയാണ് ഈയിടെ ഈ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നത്. ഐമാസിംഗ് 2014 പതിപ്പിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
സ്മാർട്ഫോണുകൾ വിൻഡോസ്, അല്ലെങ്കിൽ മാക് ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധിപ്പിച്ച് പുതിയ iMazing ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ഇതോടെ ഐ ഫോണിൽ ഇത്തരം സ്പൈവെയറുകൾ പ്രവർത്തിപ്പിക്കുന്നുണ്ടോ എന്ന് കണ്ടെത്താനാകും. ഇതിനായി സെറ്റപ്പിലോ, ബാക്കപ്പിലോ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നാണ് കമ്പനിയുടെ അവകാശവാദം.
ഇതാദ്യമായല്ല ഇത്തരം ആപ്ലിക്കേഷനുകൾ പുറത്തിറങ്ങുന്നത്. നേരത്തെ ആംനസ്റ്റി ഇന്റർനാഷനൽ ഇത്തരം ടൂളുകൾ അവതരിപ്പിച്ചിട്ടുണ്ട്. മൊബൈൽ വെരിഫിക്കേഷൻ ടൂൾകിറ്റ് അഥവാ എം വി ടി എന്ന പേരിലായിരുന്നു നേരത്തെ അവതരിപ്പിച്ചത്. എന്നാൽ, ഇതിന്റെ പ്രവർത്തനം അൽപ്പം ബുദ്ധിമുട്ടേറിയതായിരുന്നു. iMazing ൽ എം വി ടി സവിശേഷത തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും കൂടുതൽ ഉപയോഗ സൗഹൃദമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. മാത്രവുമല്ല, സൗജന്യമായാണ് ഇപ്പോൽ ലഭ്യമാകുന്നത്. എന്നിരുന്നാലും, ഭൂരിഭാഗം ഐഫോൺ ഉപയോക്താക്കൾക്കും പെഗാസസ് സ്പൈവെയർ ബാധിക്കാനുള്ള സാധ്യതയില്ലാത്തതിനാൽ ഇത് എല്ലാവർക്കും ആവശ്യമില്ല എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.