Kerala
ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയുക; നീല വസ്ത്രം ധരിച്ച് ഐക്യദാര്‍ഢ്യം ഇന്ന്
ബോധവത്കരണത്തിന്റെ ഭാഗമായി നാളെ പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളും നീല വസ്ത്രം ധരിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും.
പത്തനംതിട്ട | ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി നാളെ പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളും നീല വസ്ത്രം ധരിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും. രോഗം വരുന്നത് തടയുന്നതിലൂടെ ആന്റി ബയോട്ടിക്ക് പോലെയുള്ള മരുന്നുകള്‍ ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കുക എന്നതാണ് ഫലപ്രദമായ മാര്‍ഗമെന്ന് ആര്‍ദ്രം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. അംജിത്ത് രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആശുപത്രികളില്‍ നിന്ന് ആന്റി ബയോട്ടിക്കുകള്‍ നീല കവറില്‍ നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്റ്റോറുകളില്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് തടഞ്ഞിരിക്കുകയാണ്. നിശ്ചിത അളവില്‍ കൂടുതലോ കുറവോ ആന്റിബയോട്ടിക്കുകള്‍ നല്‍കരുതെന്നും നിര്‍ദേശമുണ്ട്.
കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്കുകള്‍ നമ്മുടെ പരിസരങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്. വളര്‍ത്തുമൃഗങ്ങള്‍, കോഴി, താറാവ് ഇവയ്ക്ക് വെറ്ററിനറി ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ മാത്രം നല്‍കണം.
ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ഗൗരവതരമായ പൊതുജനാരോഗ്യ ഭീഷണിയായി മാറുന്ന സാഹചര്യത്തിലാണ് ബോധവത്കരണം ശക്തമാക്കുന്നത്. പൊതുജനാരോഗ്യ ഭീഷണിയായി മനുഷ്യരിലും മൃഗങ്ങളിലും സസ്യവ്യക്ഷാദികളിലും അണുബാധ തടയുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന ആന്റി ബയോട്ടിക്കുകള്‍, ആന്റി വൈറലുകള്‍, ആന്റി ഫംഗലുകള്‍ തുടങ്ങിയ മരുന്നുകളുടെ ദുരുപയോഗം മരുന്നുകളോട് രോഗാണുക്കള്‍ പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നുണ്ടെന്ന് ഡോ.അംജിത് ചൂണ്ടിക്കാട്ടി. ക്ലിനിക്കല്‍ മൈക്രോ ബയോളജിസ്റ്റ് ഡോ. ലക്ഷ്മി, മാസ് മീഡിയ ഓഫീസര്‍ ഇന്‍ ചാര്‍ജ് ആര്‍ ദീപ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.