Connect with us

From the print

മയക്കുമരുന്ന് ഉപയോഗവും സാമൂഹിക തിന്മകളും തടയല്‍; വിദ്യാലയങ്ങളില്‍ ബാലാവകാശ അംബാസഡര്‍മാരെത്തുന്നു

കുട്ടികളുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കും

Published

|

Last Updated

പാലക്കാട് | വിദ്യാലയങ്ങളില്‍ കുട്ടികളുടെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാനായി ബാലവകാശ അംബാസഡര്‍മാരെ നിയമിക്കാന്‍ കേരള ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ( കെ എസ് സി പി സി ആര്‍) ഒരുങ്ങുന്നു. സ്റ്റുഡന്റ് പോലീസ് കാഡറ്റ് ( എസ് പി സി) പദ്ധതിയുമായി സഹകരിച്ചാണ് ബാലാവകാശ അംബാസഡര്‍മാരെ നിയമിക്കുക.

സംസ്ഥാനത്തുടനീളമായി ഒരു ലക്ഷത്തോളം എസ് പി സി കാഡറ്റുമാരുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്ക് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും സ്‌കൂളുകളിലെ എസ് പി സി ചുമതലയുള്ള അധ്യാപകര്‍ പരിശീലനം നല്‍കും. പരിശീലന പദ്ധതി രൂപരേഖക്ക് അന്തിമരൂപം നല്‍കി വരികയാണ്.

കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന് മുമ്പ് എസ് പി സി ചുമതലയുള്ള അധ്യാപകര്‍ക്കും പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. അധ്യാപകര്‍ക്കുള്ള പരിശീലനം അടുത്ത മാസത്തോടെ ആരംഭിക്കും. ഇത് സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു.

വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗവും വിവിധ സാമൂഹിക തിന്മകളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിന് തടയിടാനാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയത്.

ഓരോ ജില്ലയിലും 15 റിസോഴ്‌സ് പേഴ്‌സന്‍മാര്‍ക്കും പരിശീലനം നല്‍കും. ഈ സംഘം കുടുംബശ്രീ അംഗങ്ങള്‍ക്കും പരിശീലനം നല്‍കും. കുടുംബ ശ്രീ അംഗങ്ങള്‍ രക്ഷിതാക്കള്‍ക്ക് ബോധവത്്കരണ ക്ലാസ്സ് നടത്തും. ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്്ഷന്‍) നിയമം, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം, കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ നാല് പ്രധാന തത്ത്വങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു.