From the print
സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ; സർക്കാർ ഓഫീസുകളിൽ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി നിർജീവം
സംവിധാനത്തെ കുറിച്ച് ജീവനക്കാർക്ക് പോലും അറിയില്ല
കണ്ണൂർ | വനിതാ ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനുള്ള ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി പകുതിയിലധികം സർക്കാർ ഓഫീസുകളിലും നിർജീവം. എല്ലാ സർക്കാർ, അർധ സർക്കാർ, സ്വകാര്യ ഓഫീസുകളിലും കമ്മിറ്റി രൂപവത്കരിക്കാൻ വനിതാ ശിശു വികകസന വകുപ്പ് നിർദേശം നൽകിയെങ്കിലും അങ്ങനെയൊരു സംവിധാനത്തെ കുറിച്ച് ജീവനക്കാർക്ക് പോലും അറിയില്ലെന്നതാണ് അവസ്ഥ. പത്തിൽ കൂടുതൽ ജോലിക്കാരുള്ള ഏതൊരു തൊഴിലുടമയും ഒരു ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി രൂപവത്കരിക്കണമെന്നാണ് നിയമം. ലൈംഗിക പീഡന പരാതി ഫയൽ ചെയ്യാൻ കമ്മിറ്റിയെ ഏതൊരു വനിതാ ജീവനക്കാരിക്കും സമീപിക്കാവുന്നതാണ്. ഇതിന് ഒരു സ്ത്രീ നേതൃത്വം നൽകണം. രണ്ട് വനിതാ ജീവനക്കാരെങ്കിലും ഉണ്ടായിരിക്കണം. കൂടാതെ ഉന്നത തലങ്ങളിൽ നിന്നുള്ള അനാവശ്യ സമ്മർദം ഒഴിവാക്കാൻ അഞ്ച് വർഷത്തെ പരിചയമുള്ള ഒരു എൻ ജി ഒ പ്രവർത്തകനെപ്പോലുള്ള ഒരു മൂന്നാം കക്ഷിയെ ഉൾപ്പെടുത്തണം. എന്നാൽ, ഇതൊന്നും എവിടെയും നടപ്പായിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. വനിതാ ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ നിലവിൽ വന്ന പോഷ് ആക്ട് പ്രകാരം ഈ സർക്കാറിന്റെ കാലയളവിൽ രജിസ്റ്റർ ചെയ്തത് 126 പരാതികൾ മാത്രമാണ്. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് തിരുവനന്തപുരത്താണ്- (31). പാലക്കാട്, കാസർകോട് എന്നിവിടങ്ങളിൽ ആറ്, അഞ്ച് എന്നിങ്ങനെ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും ഒന്നും പരിഹരിച്ചിട്ടില്ല.
പത്ത് വർഷം മുന്പ് നടപ്പായ പോഷ് നിയമം പൂർണമായും നടപ്പാക്കാൻ സർക്കാർ സംവിധാനത്തിന് സാധിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പലർക്കും ഇങ്ങനെയൊരു നിയമമുള്ളത് തന്നെ അറിയില്ല. കുറച്ച് സ്ത്രീകൾ പരാതികളുമായി മുന്നോട്ട് വരാൻ തയ്യാറായിട്ടുണ്ട്. മാനസികമായി തളർത്തുക, ലൈംഗിക അതിക്രമം തുടങ്ങി നിരവധി പ്രശ്‌നങ്ങൾ സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്നുണ്ട്. എന്നാൽ ഇത്തരം പരാതിയുമായി സ്ത്രീകൾ മുന്നോട്ട് വരുമ്പോൾ അവരെ മോശമായി ചിത്രീകരിക്കുന്ന സാഹചര്യമാണുള്ളതെന്ന് ജീവനക്കാർ പറയുന്നു.
ഉന്നത ഉദ്യോഗസ്ഥരായിരിക്കും ആരോപണവിധേയനെങ്കിൽ അയാൾക്ക് സ്വാധീനിക്കാൻ സാധിക്കുന്നവരായിരിക്കും പലപ്പോഴും പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര കമ്മിറ്റിയിലുണ്ടാകുക. അതിനാൽ പരാതി നൽകിയാലും അത് പരാതിക്കാരന് എതിരാക്കി മാറ്റും. പരാതി നൽകാൻ തയ്യാറാകുന്ന സ്ത്രീകളുടെ ജോലി നഷ്ടപ്പെടുകയോ തൊഴിലിടങ്ങളിൽ ഒറ്റപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണുണ്ടാകുകയെന്ന് ജീവനക്കാർ പറയുന്നു. കൂടാതെ ജോലിയിൽ കാര്യക്ഷമതയില്ലെന്ന് വരുത്തിത്തീർക്കുക, കള്ളക്കേസുണ്ടാക്കുക തുടങ്ങി പീഡനങ്ങളും പരാതിക്കാർ നേരിടേണ്ടിവരുമെന്ന് ജീവനക്കാർ പറയുന്നു.