National
വില കുതിക്കുന്നു; സവാള കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്രം
മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വിളനാശം ഉണ്ടായതോടെയാണ് സവാള വില കുതിച്ചുയര്‍ന്നത്.

ന്യൂഡല്‍ഹി | ഇന്ത്യയില്‍ നിന്നുള്ള സവാള കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്രം. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ കയറ്റുമതി നിരോധിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. സവാള വന്‍തോതില്‍ കൃഷി ചെയ്യുന്ന മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വിളനാശം ഉണ്ടായതാണ് കയറ്റുമതി നിരോധിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്.
കനത്ത മഴയെ തുടര്‍ന്നാണ് സവാള കൃഷി നശിച്ചത്. ഇതോടെ വിപണിയില്‍ ഉള്ളി വില കുതിച്ചുയര്‍ന്നിരുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയാണ് കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തിയതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സവാള വില കുതിച്ചുയരുന്ന സാഹചര്യം തുടര്‍ന്നാല്‍ അത് അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടാണ് സര്‍ക്കാര്‍ നീക്കം. നേരത്തെ, അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിരുന്നു.