Connect with us

Wayanad

വില ഇടിഞ്ഞു; മലയാളി ഇഞ്ചി കർഷകര്‍ ദുരിതത്തില്‍

രാഹുൽ ഗാന്ധി എം പിക്കും വയനാട്ടിലെ മൂന്ന് എം എൽ എമാർക്കും നിവേദനം നൽകാനൊരുങ്ങുകയാണ് കർണാടകയിലെ ഈ മലയാളി ഇഞ്ചി കർഷക കൂട്ടായ്മ.

Published

|

Last Updated

പുൽപ്പള്ളി | വിലത്തകർച്ച നേരിടുന്ന സാഹചര്യത്തിൽ കർണാടകയിൽ കൃഷി ചെയ്തു വരുന്ന മലയാളി ഇഞ്ചി കർഷകര്‍ പ്രതിസന്ധിയില്‍. കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കേന്ദ്ര- കേരള സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്ന് നാഷനൽ ഫാർമേഴ്സ് പൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി എം പിക്കും വയനാട്ടിലെ മൂന്ന് എം എൽ എമാർക്കും നിവേദനം നൽകാനൊരുങ്ങുകയാണ് കർണാടകയിലെ ഈ മലയാളി ഇഞ്ചി കർഷക കൂട്ടായ്മ.

വയനാട്ടിൽ നിന്ന് മാത്രം 3,500 ഓളം കർഷകരാണ് കർണാടകയിൽ ഇഞ്ചി കൃഷി ചെയ്തു വരുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി പ്രതിസന്ധി രൂക്ഷമാണ്. പഴയ ഇഞ്ചിയുടെ വില നിലവിൽ 1,700 രൂപയും പുതിയതിന് വില കേവലം 400 രൂപയും മാത്രമാണ്. കർണാടകക്കാരായ പ്രാദേശിക കർഷകർ പുതിയ ഇഞ്ചി വിപണിയിലെത്തിക്കാൻ തുടങ്ങിയതോടെ പഴയ ഇഞ്ചിയുടെ വില ഇനിയും താഴോട്ട് പോകാനാണ് സാധ്യതയെന്നും കർഷകർ പറഞ്ഞു.

നിരവധി മലയാളി കർഷകരാണ് വിലയിടിവ് മൂലം ഇപ്പോഴും ഇഞ്ചി പറിക്കാതെയിട്ടിരിക്കുന്നത്. ഒരു വർഷത്തിലധികമായി പറിക്കാതെയിട്ടിരിക്കുന്ന ഇഞ്ചി ഇനി വിളവെടുത്താൽ പോലും നേരത്തേ കിട്ടുന്നതിന്റെ പകുതി മാത്രമേ ലഭിക്കൂ. മാത്രമല്ല തൂക്കം കുറയുകയും ചെയ്യും. ഇളയിഞ്ചിക്ക് കിട്ടുന്ന വില കൊണ്ടാണ് ഇത് മറികടന്നിരുന്നത്. എന്നാൽ ഇപ്പോൾ ഇളയിഞ്ചി ആരും എടുക്കാത്ത സാഹചര്യമാണുള്ളതെന്നും നാഷനൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികളും പുൽപ്പള്ളി സ്വദേശികളുമായ അജയകുമാർ, തോമസ് മിറർ, ജോസ് കെ പി, ബാബു ചേകാടി, കെ ജെ ഷാജി എന്നിവർ പറയുന്നു.

കൊവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇഞ്ചി വില കൂപ്പുകുത്താനുള്ള പ്രധാന കാരണം.
ഉപഭോഗം ഗണ്യമായി കുറയുകയും ഉത്പാദനം വർധിച്ചതുമാണ് തിരിച്ചടിയായത്. കയറ്റുമതിയിൽ വൻ ഇടിവുണ്ടായി. മധ്യപ്രദേശ്, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ ഇഞ്ചി കൃഷി വ്യാപിച്ചതും തിരിച്ചടിയായി. പ്രധാനമായും കർണാടകയിലെ മൈസൂർ, നഞ്ചൻഗോഡ്, ഹാസൻ, ഷിമോഗ, കുടക്, ചാമരാജ് നഗർ, ഹുബ്ലി തുടങ്ങിയ പ്രദേശങ്ങളിലാണ് വയനാട്ടിൽ നിന്നുള്ള കർഷകർ കൃഷി ചെയ്തു വരുന്നത്.

ഒരു ഏക്കറിൽ കൃഷി ചെയ്യാൻ ആറ് ലക്ഷത്തോളം രൂപയാണ് കർണാടകയിൽ ചെലവ് വരുന്നത്. ഏറ്റവും കുറഞ്ഞത് ഒരു കർഷകർ മൂന്ന് ഏക്കർ സ്ഥലത്തെങ്കിലും കൃഷി നടത്തി വരുന്നുണ്ട്.
ഒരു ഏക്കറിൽ നിന്ന് ഏറ്റവും കുറഞ്ഞത് 300 ചാക്ക് ഇഞ്ചിയെങ്കിലും ലഭിക്കുകയും വില 60 കിലോ വരുന്ന ചാക്കിന് 2,000 രൂപയെങ്കിലും ഉണ്ടെങ്കിലും മാത്രമേ കർഷകന്‍ പിടിച്ചു നിൽക്കാനാകൂ.
മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി വളം, കീടനാശിനി, പൈപ്പ് അടക്കമുള്ള കർഷകർക്ക് ആവശ്യമുള്ള വസ്തുക്കളുടെ വിലയും ക്രമാധീതമായി വർധിച്ചു കഴിഞ്ഞു. തുടർച്ചയായി കൃഷി നഷ്ടത്തിലായതോടെ ലക്ഷങ്ങളുടെ കടത്തിലാണ് ജില്ലയിലെ ഭൂരിഭാഗം കർഷകരും.
സ്ഥലത്തിന്റെ പാട്ടം, ബോർബെൽ, ട്രാൻസ്ഫോർമർ, മോട്ടോർ, സ്ഥലം പാകപ്പെടുത്തൽ എന്നിങ്ങനെ ചെവുകളേറുമ്പോഴും വില ലഭിക്കാത്തതിനാൽ കർഷകന്റെ കൈയ്യിലൊന്നും നീക്കിയിരിപ്പില്ലാത്ത അവസ്ഥയാണുള്ളത്.

കര പ്രദേശത്ത് 85,000 രൂപ മുതൽ 1.10 ലക്ഷം വരെയാണ് പാട്ടമെങ്കിൽ വയൽപ്രദേശങ്ങളിൽ ഏക്കറിന് 1.65 വരെയെത്തി നിൽക്കുകയാണ് പാട്ടത്തുക. വിലയില്ലാത്തതിനാൽ പാട്ടക്കാലാവധി കഴിഞ്ഞ് പറിക്കാതെയിടേണ്ടി വരുമ്പോൾ ഏക്കറിന് പിന്നെയും 25,000 രൂപ മുതൽ 50,000 രൂപ വരെ വീണ്ടും നൽകേണ്ട അവസ്ഥയും നിലനിൽക്കുകയാണ്.
കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനായാണ് നാഷനൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷന് രൂപം നൽകിയത്. ഫിലിപ്പ് ജോർജ് ചെയർമാനും റസാഖ് ചക്കര കൺവീനറുമായുള്ള സംഘടനയിൽ 871 അംഗങ്ങളാണ് നിലവിലുള്ളത്. കർഷകരുടെ സാമ്പത്തിക പ്രശ്നങ്ങളടക്കം പരിഹരിച്ചു കൊണ്ടാണ് നിലവിൽ സംഘടന മുന്നോട്ടു പോകുന്നത്. മുഴുവൻ കർഷകരെയും ഇൻഷ്വറൻസ് പരിധിയിൽ കൊണ്ടു വരുന്നതടക്കമുള്ള കാര്യങ്ങളും സമീപ ഭാവിയിൽ ചെയ്യാനാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest