National
അരികുവത്കരിക്കപ്പെട്ടവരുടെ പ്രതിനിധിയായി കാണുന്നതില്‍ അഭിമാനം; രാജ്യത്തോട് നന്ദി പറഞ്ഞ് ദ്രൗപദി മുര്‍മു
രാഷ്ട്രപതിയായത് തന്റെ വ്യക്തിപരമായ നേട്ടം മാത്രമല്ല മറിച്ച് രാജ്യത്തെ ഓരോ സാധാരണക്കാരുടേയും നേട്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു

ന്യൂഡല്‍ഹി | താന്‍ രാഷ്ട്രപതിയായത് തന്റെ വ്യക്തിപരമായ നേട്ടം മാത്രമല്ല മറിച്ച് രാജ്യത്തെ ഓരോ സാധാരണക്കാരുടേയും നേട്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ദരിദ്രര്‍, ദലിതര്‍, പിന്നോക്കക്കാര്‍, ആദിവാസികള്‍ എന്നിങ്ങനെ കാലങ്ങളായി അരികുവത്ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ തന്നെ അവരുടെ പ്രതിനിധിയായി കാണുന്നതില്‍ അഭിമാനവും സംതൃപ്തിയുണ്ടെന്നും സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു. കോടിക്കണക്കിന് പാവപ്പെട്ടവരുടേയും സ്ത്രീകളുടേയും ആദിവാസി, ദലിത് വിഭാഗങ്ങളുടേയും സ്വപ്നങ്ങളുടെ പ്രതിഫലനം കൂടിയാണ് ഈ നിമിഷമെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു കൂട്ടിച്ചേര്‍ത്തു.
ഒഡിഷയിലെ ചെറിയ ഗ്രാമത്തില്‍ നിന്നാണ് താന്‍ യാത്ര ആരംഭിച്ചത്. രാജ്യം തന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഈ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തനിക്ക് കരുത്താകുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ അഭിമാന നിമിഷമാണ്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനാണ് പ്രഥമ പരിഗണന നല്‍കുകയെന്നും ദ്രൗപദി മുര്‍മു പ്രഖ്യാപിച്ചു.
സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച രാജ്യത്തിന്റെ ആദ്യത്തെ രാഷ്ട്രപതിയാണ് താന്‍. സ്വതന്ത്ര ഇന്ത്യയിലെ പൗരന്മാരില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ അര്‍പ്പിച്ച പ്രതീക്ഷകള്‍ നിറവേറ്റാനുള്ള നമ്മുടെ ശ്രമങ്ങള്‍ വേഗത്തിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ സാധാരണക്കാരന് സ്വപ്നം കാണാന്‍ മാത്രമല്ല, സ്വപ്നങ്ങള്‍ നിറവേറ്റാനും കഴിയുമെന്നതിന്റെ തെളിവാണ് തന്റെ സ്ഥാനലബ്ധിയെന്നും രാഷ്ട്രപതി പറഞ്ഞു.