Kerala
ഉരുള്‍പൊട്ടലുണ്ടായ പ്രദേശം പ്രധാനമന്ത്രി സന്ദർശിക്കാത്തത് വയനാടിനോടുള്ള അവഹേളനം: രമേശ് ചെന്നിത്തല
കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ ഉരുള്‍പൊട്ടലിനെ കുറിച്ചുള്ള പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആലപ്പുഴ | വയനാട് ദുരന്ത ഭൂമി പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കാത്തത് വയനാടിനോടുള്ള അവഹേളനമാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയമില്ലാതെ കൈയ്യും മെയ്യും മറന്ന് കേരളം ദുരന്തബാധിതരെ സഹായിക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശം സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ എത്താത്തത് എന്തു കൊണ്ടെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ ഉരുള്‍പൊട്ടലിനെ കുറിച്ചുള്ള പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദുരന്തബാധിതമേഖലയില്‍ ഖനനം ഇല്ല. വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന മനുഷ്യരാണ് ദുരന്തത്തിന് ഇരയായതെന്നും വിവാദ പ്രസ്താവന കേന്ദ്രമന്ത്രി പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തില്‍ സര്‍വതും നഷ്ടമായവര്‍ക്ക് ഇന്നും സഹായം കിട്ടാനുണ്ട്. ലാപ്‌ടോപ്പ് വാങ്ങാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം കൊടുത്തത് ശരിയായ നടപടിയല്ല. അതിനായി പ്രത്യേക പദ്ധതി വേണമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ദുരിതാശ്വാസ നിധിയെ എതിര്‍ത്തിട്ടില്ല എന്നാണ് തന്നോട് പറഞ്ഞതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.