National
പ്രധാനമന്ത്രിയുടെ സഊദി സന്ദര്‍ശനം: ആറ് ധാരണാപത്രങ്ങളില്‍ ഒപ്പ് വെക്കും
പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊര്‍ജം, ആരോഗ്യം, ശാസ്ത്ര ഗവേഷണം, സാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് ഇരുപക്ഷവും കരാറുകളില്‍ ഒപ്പ് വെക്കുക.

ജിദ്ദ | ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജിദ്ദ സന്ദര്‍ശനത്തോടനുബന്ധിച്ച് സഊദി അറേബ്യയുമായി ആറ് ധാരണാപത്രങ്ങളില്‍ ഒപ്പ് വെക്കും. പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊര്‍ജം, ആരോഗ്യം, ശാസ്ത്ര ഗവേഷണം, സാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് ഇരുപക്ഷവും കരാറുകളില്‍ ഒപ്പ് വെക്കുക.
സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ക്ഷണപ്രകാരമാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നരേന്ദ്ര മോദി സഊദി വാണിജ്യ നഗരമായ ജിദ്ദയിലെത്തുന്നത്.
‘സഊദി അറേബ്യയുമായുള്ള ചരിത്രപരമായ ബന്ധങ്ങളെ ഇന്ത്യ വിലമതിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് ഗണ്യമായ വേഗത കൈവരിച്ചിട്ടുണ്ട്. തന്ത്രപരമായ പങ്കാളിത്ത കൗണ്‍സിലിന്റെ രണ്ടാം യോഗത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവിടെയുള്ള ഇന്ത്യന്‍ സമൂഹവുമായും ഞാന്‍ സംവദിക്കും’- യാത്രയ്ക്കു മുമ്പ് പ്രധാനമന്ത്രി ‘എക്‌സി’ല്‍ കുറിച്ചു.