National
പ്രധാനമന്ത്രി സഊദി അറേബ്യയിൽ; 21 ഗൺ സല്യൂട്ട് നൽകി ഉജ്ജ്വല സ്വീകരണം
സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി, ഊർജം, പ്രതിരോധം, വ്യാപാരം തുടങ്ങിയ ആറ് ധാരണാ പത്രങ്ങളിൽ ഒപ്പുവെക്കും.

ജിദ്ദ | രണ്ട് ദിവസത്തെ സഊദി അറേബ്യൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജിദ്ദയിൽ എത്തിച്ചേർന്നു. വിമാനത്താവളത്തിൽ അദ്ദേഹത്തിന് 21 ഗൺ സല്യൂഡ് നൽകി രാജകീയ വരവേൽപ്പ് നൽകി. സഊദി അറേബ്യൻ വ്യോമസേനയുടെ എഫ്-15 യുദ്ധവിമാനങ്ങൾ സഊ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഉടൻ തന്നെ പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടി സേവിച്ചത് ഒരു പ്രത്യേക ആദരവായി മാറി.
ചൊവ്വാഴ്ച ഉച്ചക്ക് 12.40ന് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മക്ക ഡെപ്യൂട്ടി ഗവർണർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് അൽ സഊദും, മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി എന്നിവർ അടങ്ങിയ പതിനൊന്ന് അംഗ ഉന്നതതല സംഘമാണ് പ്രധാനമന്ത്രിയെ അനുഗമിക്കുന്നത്.
സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രീയം, സുരക്ഷ, സാമൂഹികം, സാംസ്‌കാരിക സഹകരണം, സമ്പദ് വ്യാവസ്ഥ, നിക്ഷേപം എന്നീ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സ്ഥാപിതമായ ഇന്ത്യ-സഊദി അറേബ്യ തന്ത്രപ്രധാന പങ്കാളിത്ത കൗൺസിലിന്റെ രണ്ടാമത് യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തുകയും
ഊർജം, പ്രതിരോധം, വ്യാപാരം തുടങ്ങിയ ആറ് ധാരണാ പത്രങ്ങളിൽ ഇന്ത്യയും- സഊദിയും ഒപ്പ് വെക്കുകയും ചെയ്യും.
ഉച്ചക്ക് 2 മണിമുതൽ 2.30 വരെ ജിദ്ദയിലെ റിട്സ് കാൾട്ടൻ ഹോട്ടലിൽ നടക്കുന്ന ക്ഷണിക്കപ്പെട്ട ഇന്ത്യൻ പ്രതിനിധികൾ, വ്യവസായ പ്രമുഖർ എന്നിവരുമായി പ്രധാന മന്ത്രി ചർച്ച നടത്തും. 3.30 മുതൽ 6.30 വരെ ജിദ്ദയിലെ അൽസലാം പാലസിൽ വെച്ചാണ് സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്‌ചയിൽ ഇന്ത്യയിൽ നിന്നും ഈ വർഷം സ്വകാര്യ ഹജ്ജ് കമ്പനികൾ വഴിയുള്ള ഹജ്ജ് യാത്ര മുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.
സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ ക്ഷണപ്രകാരമാണ് നരേന്ദ്ര മോദിയുടെ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുവാൻ സന്ദർശനം സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രധാനമന്ത്രി മോദിയുടെ മൂന്നാമത്തെ സൗദി സന്ദർശനമാണിത്. എന്നാൽ ഒരു ഇന്ത്യൻ നേതാവ് സഊദിയുടെ വാണിജ്യ കേന്ദ്രമായ ജിദ്ദ സന്ദർശിക്കുന്നത് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ്.
സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ ദീർഘകാലവും ചരിത്രപരവുമായ ബന്ധത്തിന് ഇന്ത്യ വലിയ മൂല്യം നൽകുന്നുണ്ടെന്നും സമീപ വർഷങ്ങളിൽ ഈ ബന്ധം തന്ത്രപരമായ ആഴവും വേഗതയും കൈവരിച്ചിട്ടുണ്ടെന്നും പുറപ്പെടുന്നതിന് മുൻപുള്ള പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക സമാധാനവും സമൃദ്ധിയും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിൽ ഇരു രാജ്യങ്ങളും പങ്കിടുന്ന താൽപ്പര്യങ്ങൾ മോദി ഊന്നിപ്പറഞ്ഞു. സൗദി അറേബ്യയിലെ സജീവമായ ഇന്ത്യൻ സമൂഹവുമായി സംവദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പ്രവാസികൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവും മാനുഷികവുമായ ബന്ധം ശക്തിപ്പെടുത്തുന്ന ജീവനുള്ള പാലമാണെന്നും അദ്ദേഹം പറഞ്ഞു.
അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, സൗദി അറേബ്യയെ ‘വിശ്വസ്ത സുഹൃത്തും തന്ത്രപ്രധാന സഖ്യകക്ഷിയും’ എന്ന് മോദി വിശേഷിപ്പിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ നേതൃത്വത്തെയും വിഷൻ 2030 സംരംഭത്തെയും അദ്ദേഹം പ്രശംസിച്ചു. ഊർജ്ജം, കൃഷി, വളങ്ങൾ, ഹരിത ഹൈഡ്രജൻ, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
വേൾഡ് എക്സ്പോ 2030 ലും ഫിഫ ലോകകപ്പ് 2034 ലും വിജയിച്ചതിന് സൗദി അറേബ്യയെ അഭിനന്ദിച്ച മോദി, ഈ സന്ദർശനം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ഉറപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.