National
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി സിംഗപ്പൂരില്‍
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക, ഏഷ്യന്‍ രാജ്യത്തുനിന്നുള്ള നിക്ഷേപം ആകര്‍ഷിക്കുക എന്നിവയും സന്ദര്‍ശനത്തിന്റെ ഭാഗമാണ്.
സിംഗപ്പൂര്‍ | രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരില്‍. ഇന്ത്യ-സിംഗപ്പൂര്‍ സൗഹൃദം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക, ഏഷ്യന്‍ രാജ്യത്തുനിന്നുള്ള നിക്ഷേപം ആകര്‍ഷിക്കുക എന്നിവയും സന്ദര്‍ശനത്തിന്റെ ഭാഗമാണ്.
ആറ് വര്‍ഷത്തിന് ശേഷം സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി സിംഗപ്പൂര്‍ പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്നവുമായി കൂടിക്കാഴ്ച നടത്തും. ഇത് അഞ്ചാം തവണയാണ് മോദി സന്ദര്‍ശനം നടത്തുന്നത്. സിംഗപ്പൂര്‍ ആഭ്യന്തര-നിയമ മന്ത്രി കെ ഷണ്‍മുഖം ആണ് മോദിയെ സ്വീകരിച്ചത്. നാളെ പാര്‍ലമെന്റ് ഹൗസില്‍ മോദിയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും.സിങ്കപ്പൂരുമായുള്ള പങ്കാളിത്തം, പ്രത്യേകിച്ച് നൂതന ഉല്‍പ്പാദനം, ഡിജിറ്റലൈസേഷന്‍, സുസ്ഥിര വികസനം എന്നിവയുടെ പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലകളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് കാത്തിരിക്കുകയാണെന്ന് യാത്രയ്ക്ക് മുമ്പ് മോദി എക്സില്‍ കുറിച്ചിരുന്നു.
ബ്രൂണയ് സന്ദര്‍ശനത്തിന് ശേഷമാണ് മോദി സിംഗപ്പൂരിലെത്തിയത്. പ്രതിരോധം, വ്യാപാര നിക്ഷേപം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണ പദ്ധതികള്‍ ബ്രൂണയ് സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയുമായി ചര്‍ച്ച ചെയ്തു.