National
പ്രധാനമന്ത്രി യുഎഇയിൽ; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി
അബൂദബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ത (BAPS) മന്ദിറിന്റെ ഉദ്ഘാടനം മോദി നാളെ നിർവഹിക്കും.

അബൂദബി | രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. 2015ന് ശേഷം പ്രധാനമന്ത്രിയുടെ ഏഴാമത്തെ യുഎഇ സന്ദർശനമാണിത്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇരു നേതാക്കളും രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള വഴികൾ ചർച്ച ചെയ്യുകയും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. ഊർജം, തുറമുഖങ്ങൾ, ഫിൻടെക്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, റെയിൽവേ, നിക്ഷേപ പ്രവാഹം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതായിരന്നു ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകളുടെ കേന്ദ്രബിന്ദു. നിരവധി സുപ്രധാന മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും നിരവധി കരാറുകളിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ട്.
My remarks during meeting with HH @MohamedBinZayed in Abu Dhabi.https://t.co/lfLaOZ2LGp
— Narendra Modi (@narendramodi) February 13, 2024
യുഎഇ വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ദുബായിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടി 2024ൽ അദ്ദേഹം നാളെ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനൊപ്പം
അബൂദബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ത (BAPS) മന്ദിറിന്റെ ഉദ്ഘാടനം മോദി നാളെ നിർവഹിക്കും. ഇന്ന് വൈകുന്നേരം സായിദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ ‘അഹ്‌ലൻ മോദി’ എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.
യു എ ഇയുമായുള്ള ഇന്ത്യയുടെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ താൻ ഉറ്റുനോക്കുകയാണെന്ന് പുറപ്പെടുന്നതിന് മുപ്പ് നടത്തിറയ പ്രസ്താവനയിൽ മോദി പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷമായി, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഭക്ഷ്യ-ഊർജ്ജ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ യുഎഇയുമായുള്ള ഇന്ത്യയുടെ സഹകരണം പലമടങ്ങ് വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക കണക്കുകൾ പ്രകാരം 2022-23ൽ ഏകദേശം 85 ബില്യൺ ഡോളറാണ് ഇന്ത്യ – യുഎഇ ഉഭയകക്ഷി വ്യാപാരം. 2022-23 ലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച നാല് നിക്ഷേപകരിൽ യുഎഇയും ഉൾപ്പെടുന്നു.
രണ്ട് ദിവസത്തെ യുഎഇ സന്ദർശനം അവസാനിപ്പിച്ച് ബുധനാഴ്ച ഉച്ചയോടെ മോദി ദോഹയിലേക്ക് പോകും.