National
പ്രധാനമന്ത്രി മോദി ദോഹയിൽ; ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
വ്യാപാരം, നിക്ഷേപം, ഊർജം, ധനകാര്യം എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു
ദോഹ | പ്രധാനമന്ത്രി നരേന്ദ്ര മോദി ദോഹയിൽ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച അത്ഭുാതവഹമായിരുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തുവെന്നും കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു.
ഇന്ത്യ-ഖത്തർ സൗഹൃദം വർധിപ്പിക്കുന്നതിനുള്ള വഴികൾ സംബന്ധിച്ചാണ് ചർച്ചകൾ നടന്നതെന്ന് മോദി പറഞ്ഞു. ഖത്തർ പ്രധാനമന്ത്രിയുമായി മോദി ഫലപ്രദമായ ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. വ്യാപാരം, നിക്ഷേപം, ഊർജം, ധനകാര്യം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നത് ഇരുനേതാക്കളും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
യുഎഇ സന്ദർശനം അവസാനിപ്പിച്ച് രണ്ട് ദിവസത്തെ ഖത്തർ സന്ദർശനത്തിനായി ഇന്നലെ വൈകുന്നേരമാണ് മോദി ദോഹയിലെത്തിയത്. ഇന്നലെ രാത്രി ഖത്തർ പ്രധാനമന്ത്രി നൽകിയ വിരുന്നിൽ മോദി പങ്കെടുത്തു.
പ്രധാനമന്ത്രി ഇന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തും, ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യും. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ കാണാൻ കാത്തിരിക്കുകയാണെന്ന് ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പ്രസ്താവനയിൽ മോദി വ്യക്തമാക്കിയിരുന്നു.