National
പ്രധാന മന്ത്രി മോദി ഉദാരമതി, പ്രതികാര ദാഹമില്ലാത്തയാള്‍; വാഴ്ത്തുപാട്ടുമായി ഗുലാം നബി
'ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി നിയമം (സി എ എ), ഹിജാബ് വിവാദം എന്നിവയിലെല്ലാം തടസങ്ങള്‍ സൃഷ്ടിക്കാന്‍ താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, വളരെ ഉദാരമായിട്ടായിരുന്നു അതിനോടെല്ലാമുള്ള പ്രധാന മന്ത്രിയുടെ സമീപനം.'
ന്യൂഡല്‍ഹി | പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി കോണ്‍ഗ്രസ് മുന്‍ എം പിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ ഗുലാം നബി ആസാദ്. വിവാദങ്ങളുയര്‍ത്തിയ പല വിഷയങ്ങളിലും താന്‍ പല തടസങ്ങളും സൃഷ്ടിച്ചിട്ടും പ്രധാന മന്ത്രി നരേന്ദ്ര മോദി വളരെ ഉദാരനായാണ് പെരുമാറിയതെന്ന് ഗുലാം നബി പറഞ്ഞു. ‘ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി നിയമം (സി എ എ), ഹിജാബ് വിവാദം എന്നിവയിലെല്ലാം തടസങ്ങള്‍ സൃഷ്ടിക്കാന്‍ താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, വളരെ ഉദാരമായിട്ടായിരുന്നു അതിനോടെല്ലാമുള്ള പ്രധാന മന്ത്രിയുടെ സമീപനം.’- ‘ആസാദ്’ എന്ന പേരിലുള്ള തന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങില്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് സംസാരിക്കവെ ഗുലാം നബി പറഞ്ഞു.
‘ഞാന്‍ നരേന്ദ്ര മോദിക്ക് ക്രെഡിറ്റ് നല്‍കുക തന്നെ വേണം. ഞാന്‍ അദ്ദേഹത്തോട് എന്തൊക്കെ ചെയ്തുവോ അതിലൊക്കെ അദ്ദേഹം ഉദാരനായാണ് പെരുമാറിയത്. ആര്‍ട്ടിക്കിള്‍ 370, സി എ എ, ഹിജാബ് വിഷയങ്ങളിലൊന്നും ഞാന്‍ അദ്ദേഹത്തെ വെറുതെ വിട്ടിട്ടില്ല. ചില ബില്ലുകള്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് ഞാന്‍ ഉറപ്പാക്കി. എന്നിട്ടും ഒരു രാഷ്ട്രതന്ത്രജ്ഞനെന്ന നിലയില്‍ തന്നെയായിരുന്നു മോദിയുടെ പെരുമാറ്റം. അതിനെയൊന്നും പ്രതികാര മനോഭാവത്തോടെയല്ല അദ്ദേഹം സമീപിച്ചത്.’- ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി വിശദീകരിച്ചു.
ആസാദിന് വേണ്ടി പാര്‍ലിമെന്റില്‍ പ്രധാനമന്ത്രി വികാരഭരിതമായ വിടവാങ്ങല്‍ പ്രസംഗം നടത്തിയതിനു പിന്നാലെ ഗുലാം നബിയെ മോദി ഭക്തനെന്ന് കോണ്‍ഗ്രസിലെ അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചിരുന്നു.
പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ഒരു പരുക്കനായ മനുഷ്യനായാണ് താന്‍ കണ്ടിരുന്നതെന്നും, എന്നാല്‍ തനിക്കുള്ള യാത്രയയപ്പില്‍, ഒരു തീവ്രവാദ സംഭവത്തെ അനുസ്മരിച്ചുകൊണ്ട് മനുഷ്യത്വപരമായാണ് അദ്ദേഹം പ്രസംഗിച്ചതെന്നും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയുടെ സ്ഥാപക നേതാവും തലവനുമായ ഗുലാം നബി പറഞ്ഞു.
ഗുലാം നബി കോണ്‍ഗ്രസ് വിട്ട ശേഷം, പ്രധാനമന്ത്രി മോദിയുടെ പാര്‍ലിമെന്റിലെ പ്രസംഗം ചൂണ്ടിക്കാട്ടി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു. ഗുലാം നബി യഥാര്‍ഥ സുഹൃത്താണെന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.