Connect with us

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് മാര്‍ഗം ദുരന്ത ഭൂമയിലേക്ക് പുറപ്പെട്ടു; മുഖ്യമന്ത്രിയും ഗവര്‍ണറും അനുഗമിക്കുന്നു

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളത്തിന്റെ ആവശ്യം

Published

|

Last Updated

കൽപ്പറ്റ | നാന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വയനാട് ചൂരൽമല, മുണ്ടിക്കൈ ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമ നിരീക്ഷണം നടത്തി. തുടര്‍ന്ന് കല്‍പ്പറ്റയില്‍ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗം ദുരന്ത ഭൂമിയിലേക്ക് നീങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നു.

വ്യോമസേന വിമാനത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.  കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിമാനത്തില്‍ അനുഗമിച്ചിരുന്നു. തുടര്‍ന്നു പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് പുറപ്പെട്ടു.

ദുരിതാശ്വാസ ക്യാമ്പും ആശുപത്രിയും പ്രധാനമന്ത്രി സന്ദർശിക്കും. ദുരന്തത്തെ അതിജീവിച്ചവരുമായും മരിച്ചവരുടെ ബന്ധുക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തും. തുടർന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക അവലോകന യോഗവും ചേരും.

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് 2000 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെങ്കിൽ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വയനാട്ടിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ എസ് പി ജി സംഘം നേരത്തെ തന്നെ ജില്ലയിൽ എത്തിയിരുന്നു. ജില്ലയിലെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Latest