Kerala
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വയനാട്ടിൽ; ദുരന്ത ഭൂമിയിൽ വ്യോമനിരീക്ഷണം നടത്തും
രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലേക്ക് തിരിക്കും. 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തുന്ന അദ്ദേഹം അവിടെ വ്യോമനിരീക്ഷണം നടത്തും.
കൽപ്പറ്റ | നാന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വയനാട് ചൂരൽമല, മുണ്ടിക്കൈ ദുരന്ത ബാധിത പ്രദേശം സന്ദർശിക്കാനും ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വയനാട് സന്ദർശിക്കും. രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലേക്ക് തിരിക്കും. 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തുന്ന അദ്ദേഹം അവിടെ വ്യോമനിരീക്ഷണം നടത്തും.
ദുരിതാശ്വാസ ക്യാമ്പും ആശുപത്രിയും പ്രധാനമന്ത്രി സന്ദർശിക്കും. ദുരന്തത്തെ അതിജീവിച്ചവരുമായും മരിച്ചവരുടെ ബന്ധുക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തും. തുടർന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക അവലോകന യോഗവും ചേരും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വയനാട്ടിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ എസ് പി ജി സംഘം നേരത്തെ തന്നെ ജില്ലയിൽ എത്തിയിരുന്നു.