Connect with us

Kerala

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് തിരിച്ചു

ഇന്ത്യ, യു എസ്, ജപ്പാന്‍ ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയില്‍ മോദി പങ്കെടുക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് തിരിച്ചു. പുലര്‍ച്ചെ നാല് മണിക്കാണ് മോദി ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ചത്. ഇന്ത്യ, യു എസ്, ജപ്പാന്‍ ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. അമേരിക്കയുമായുള്ള സമഗ്ര തന്ത്രപ്രധാന ബന്ധം ദൃഢമാകുമെന്ന പ്രതീക്ഷ യു എസിലേക്ക് യാത്ര തിരിക്കും മുമ്പ് നരേന്ദ്ര മോദി പങ്കുവെച്ചു. ഇന്തോ പസഫിക് മേഖലയുടെ സുരക്ഷയും സമാധാനവും ക്വാഡ് കൂട്ടായ്മ വിലയിരുത്തുമെന്നും പ്രധാനമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും. പ്രസിഡന്റ് ബൈഡന്‍ ഒരുക്കുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കും. നാളെ ന്യൂയോര്‍ക്കിലെത്തുന്ന പ്രധാനമന്ത്രി ലോങ് ഐലന്റില്‍ ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും. പ്രസിഡന്റ് ജോ ബൈഡനുമായുള്ള ചര്‍ച്ചയില്‍ സഹകരണം ശക്തമാക്കാനുള്ള പുതിയ വഴികള്‍ ചര്‍ച്ചയാകും.

പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ കാണുന്ന കാര്യം യാത്ര തിരിക്കും മുമ്പുള്ള മോദിയുടെ പ്രസ്താവനയിലില്ല. ഡോണള്‍ഡ് ട്രംപിന് എതിരായ വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത സുരക്ഷ ഒരുക്കണമെന്ന് അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest