National
ദാരിദ്ര്യം പ്രധാനമന്ത്രി കാണേണ്ടാ; സന്ദര്‍ശനത്തിന് മുന്നോടിയായി മുംബൈയിലെ ചേരികള്‍ മറച്ചു
വെള്ളത്തുണി ഉപയോഗിച്ച് ചേരികള്‍ മറച്ചതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ദാരിദ്ര്യം ചക്രവര്‍ത്തി കാണാതിരിക്കാനുള്ള ശ്രമമാണെന്ന് ട്വീറ്റ്.
ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി മുംബൈയിലെ ചേരികള്‍ മറച്ചു. വെള്ളത്തുണി ഉപയോഗിച്ച് ചേരികള്‍ മറച്ചതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ദാരിദ്ര്യം ചക്രവര്‍ത്തി കാണാതിരിക്കാനുള്ള ശ്രമമാണെന്ന് പാര്‍ട്ടി ട്വീറ്റ് ചെയ്തു.
മുമ്പ് ജി 20 ഉച്ചകോടിയോടനുബന്ധിച്ചും മുംബൈയിലെ ചേരികള്‍ മറച്ചിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ യാത്രാവഴിയിലെ ചേരികളാണ് മറച്ചിരുന്നത്. സ്വാഗത ബോര്‍ഡുകളും പച്ച നെറ്റും കൊണ്ട് ചേരികള്‍ മറച്ചത് വിവാദമായപ്പോള്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.
ഇന്നത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി മുംബൈ-സോളാപൂര്‍, മുംബൈ-സായ്‌നഗര്‍ ശിര്‍ദ്ദി എന്നീ രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. രാജ്യത്തെ ഒമ്പതാമത്തെയും പത്താമത്തെയും വന്ദേ ഭാരത് ട്രെയിനുകളാണ് ഇവ. വൈകിട്ട് നാലുമണിയോടെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിലാണ് ഫ്‌ളാഗ് ഓഫ് ചടങ്ങ്.
അന്ധേരിയില്‍ ദാവൂദി ബോറി സമുദായത്തിന്റെ സെയ്ഫി അക്കാദമിക്കായി നിര്‍മിച്ച പുതിയ കാമ്പസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇക്കഴിഞ്ഞ ജനുവരി 19 നും പ്രധാനമന്ത്രി മുംബൈയില്‍ എത്തിയിരുന്നു. മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായുള്ള സന്ദര്‍ശനങ്ങളെന്നത് ശ്രദ്ധേയമാണ്.